കോട്ടയം: അയ്മനത്ത് ഗ്യാസ് പരിശോധനയ്ക്കെന്ന വ്യാജേന വീട്ടിലെത്തി വയോധികയുടെ മാല തട്ടിയെടുത്ത സംഘത്തെ ഉടൻ പിടികൂടാനാവുമെന്ന് പോലീസ്. പ്രതികളെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് തയാറാക്കി പ്രസിദ്ധീകരണങ്ങൾക്ക് നല്കിയിരുന്നു. ഇതുകണ്ട് ചിലർ പോലീസിന് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ഇതിൽ ചിലർ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ്എച്ച്ഒ വ്യക്തമാക്കി.
കാറിലെത്തിയ രണ്ടംഗ സംഘമാണ് വയോധികയെ കബളിപ്പിച്ചു രണ്ടരപവന്റെ സ്വർണമാല തട്ടിയെടുത്തത്. അയ്മനം വട്ടയ്ക്കാട്ട് ജാനകിയുടെ (83) സ്വർണമാലയാണ് തട്ടിപ്പ് സംഘം കവർന്ന് മുങ്ങിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലിനാണു സംഭവം. ഇളയ മകൻ പ്രമോദിനും ഭാര്യയ്ക്കുമൊപ്പമാണ് ജാനകി താമസിക്കുന്നത്.
ഇരുവരും പുറത്തുപോയ സമയത്ത് കാറിലെത്തിയ രണ്ടംഗ സംഘം ഗ്യാസ് അടുപ്പുമായി വീട്ടിലേക്ക് കയറുകയായിരുന്നു. ഗ്യാസ് കണക്ഷൻ പരിശോധിക്കണമെന്ന് പറഞ്ഞാണ് സംഘം എത്തിയത്. ജാനകിയോട് റേഷൻ കാർഡും, ആധാർ കാർഡും മറ്റു രേഖകളും ഇവർ ആവശ്യപ്പെട്ടു.
രേഖകൾ പരിശോധിക്കുന്നതിനിടെ സബ്സിഡി ലഭിക്കണമെങ്കിൽ കഴുത്തിൽ കിടക്കുന്ന സ്വർണത്തിന്റെ തൂക്കം അറിയണമെന്ന് സംഘം ജാനകിയെ അറിയിച്ചു. ജാനകി സ്വർണ മാല ഉൗരി നൽകിയ ഉടൻ മാലയുമായി സ്ഥലംവിട്ടു. ഏറെ സമയം കഴിഞ്ഞിട്ടും ഇവരെ കാണാതായതോടെയാണു തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടത്. തുടർന്നാണ് പോലീസിൽ പരാതി നല്കിയത്.
രേഖാ ചിത്രം കണ്ട് തിരിച്ചറിയുന്നവർ വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ 9497987072. എസ്ഐ വെസ്റ്റ് 9497980328. എന്നീ നന്പരുകളിൽ അറിയിക്കുക.