ഏറ്റൂമാനൂർ: ഏറ്റൂമാനൂരിൽ തട്ടിപ്പ് നടത്തി മുങ്ങിയ അജിത്ത് ജോർജ് ഉദ്യോഗാർഥികളുമായി എംഒഎച്ച് പരീക്ഷയ്ക്കായി എറണാകുളം ഓഫിസിൽ എത്തിയതായി ആരോപണം. വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു പലരിൽനിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പോലീസ് അന്വേഷിക്കുന്ന ഒന്നാംപ്രതി അജിത്ത് ജോർജാണ് ഗൾഫിലേക്ക് നഴ്സിംഗിനായുള്ള എംഒഎച്ച് പരീക്ഷയ്ക്കായി ഉദ്യോഗാർഥികളുമായി എത്തിയതെന്ന് ആരോപണം.
അജിത്ത് ജോർജിനെ എത്രയും വേഗം അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടു തട്ടിപ്പിനിരയായവർ എറ്റൂമാനൂരിലെ കെഎസ്ആർടിസി സ്റ്റാൻഡിനുസമീപം പ്രവർത്തിക്കുന്ന അജിത്ത് ജോർജിന്റെ ഓഫിസിനു മുൻപിൽ പ്രതിഷേധ പ്രകടനം നടത്തി.
ബഹറിൻ ഡിഫൻസ് റോയൽ മെഡിക്കൽ സർവീസിൽ ജോലി വാഗ്ദാനം ചെയ്ത് ഡോക്ടർ ദന്പതിമാരുടെയും ബന്ധുവിന്റെയും പക്കൽനിന്നും ഒന്‍പതര ലക്ഷം രൂപ തട്ടിയെടുത്തതോടെ ഇവർ നൽകിയ പരാതിയെ തുടർന്ന് ഏറ്റുമാനൂർ സ്വദേശികളായ തോപ്പിൽ ഫിജോ ജോസഫ് (34) ഹാരിസ് (50) എന്നീവരെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.ഒന്നാംപ്രതി അജിത്ത് ജോർജ് ഇപ്പോഴും ഒളിവിലാണ്.
ഇതിനോടകം നിരവധി കേസുകൾ കേരളത്തിലെ പല സ്റ്റേഷനുകളിൽ ഇവർക്ക് എതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരുടെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമസ്ഥനും 2.60 ലക്ഷം രൂപ വാടകയിനത്തിൽ ലഭിക്കാനുണ്ടെന്നു കാണിച്ചു പരാതി നൽകിയിരുന്നു.