പെരുന്പാവൂർ: മാധ്യമപ്രവർത്തകൻ എന്ന വ്യാജേന പണപ്പിരിവ് നടത്തിയ രണ്ടു പേർ പോലീസിന്റെ പിടിയിലായി. കോടനാട് പ്രദേശങ്ങളിലെ പാറമടകളിലും ക്രഷറുകളിലും എത്തി പണപ്പിരിവ് നടത്തുന്നതിനിടെ തിരുവനന്തപുരം വർക്കല സ്വദേശി കോണക്കൽ അൽഅമീൻ (35), പെരുന്പാവൂർ മാറംന്പിള്ളി പള്ളിപ്രംകര മാഹിൻ (49) എന്നിവരെ കോടനാട് പോലീസ് പിടികൂടിയത്.
പ്രതികളുടെ പക്കൽനിന്നു കേരള ജേണലിസ്റ്റ് യൂണിയൻ ആൻഡ് മീഡിയ വർക്കേഴ്സ് എന്ന് എഴുതിയ നോട്ടീസുകളും വ്യാജ രസീത് കുറ്റികളും കണ്ടെടുത്തിട്ടുണ്ട്. ആഴ്ച്ചകളായി പെരുന്പാവൂർ കേന്ദ്രീകരിച്ച് ഇവർ പണപ്പിരിവ് നടത്തിവരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മാധ്യമപ്രവർത്തരുടെ പേരിൽ പ്രതികൾ പിരിവ് നടത്തിയിരുന്നതായി പോലീസ് സംശയിക്കുന്നു.
കഴിഞ്ഞ വർഷം ഇതേസമയത്ത് മാധ്യമപ്രവർത്തകൻ എന്നവ്യാജേന പോഞ്ഞാശേരിയിൽ പ്രവർത്തിക്കുന്ന പാറമടകളിൽനിന്നു പണപ്പിരിവ് നടത്തിയതിന് അൽഅമീനെ പെരുന്പാവൂർ പോലീസ് പിടികൂടിയിരുന്നു. ഈ കേസ് പ്രതിയുടെ പേരിൽ നിലനിൽക്കുന്പോഴാണ് വീണ്ടും ഇതേകാരണത്താൽ പിടിയിലാകുന്നത്. പെരുന്പാവൂർ സ്വദേശിയായ മാഹിൻ ഇതിനുമുന്പും പല തട്ടിപ്പുകേസുകളിലും പ്രതിയായിട്ടുണ്ട്.