തിരുവനന്തപുരം: അമേരിക്കയിലേക്ക് വിസ വാഗ്ദാനം ചെയ്ത് പത്ത് ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തെന്ന് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേർക്കെതിരെ കന്റോണ്മെന്റ് പോലീസ് കേസെടുത്തു. പോത്തൻകോട് മോഹനപുരം സ്വദേശി ആഷിക്, മരുതംകുഴി സ്വദേശി ടോമി എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
നിലമേൽ കണ്ണങ്കോട് സ്വദേശിനി ഷംലാബീവിയുടെ പരാതിയിൻമേലാണ് പോലീസ് കേസ് എടുത്തത്. ഷംലാബീവിയുടെ ഭർത്താവ് സിറാജുദ്ദീന് അമേരിക്കയിലേക്ക് പോകാൻ വിസ തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ കഴിഞ്ഞ ഒന്നര വർഷത്തിനിടെ 10. 97 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
വിസ ലഭിക്കാതായതോടെ പണം മടക്കി ചോദിച്ചിട്ടും ലഭിച്ചില്ലെന്നാണ് പരാതി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.