കൊച്ചി: സംസ്ഥാനവ്യാപകമായി വലിയ തട്ടിപ്പിനു കളമൊരുക്കിയ അനന്തു വളർന്നത് രാഷ്ട്രീയ നേതാക്കളെ വ്യാപകമായി ഉപയോഗിച്ച്. മന്ത്രിമാരും എംഎൽഎമാരും പഞ്ചായത്ത് പ്രസിഡന്റുമാരും രാഷ്ട്രീയ നേതാക്കളുമെല്ലാം ഈ പദ്ധതിയുടെ പരിപാടികളിൽ സംബന്ധിച്ചിട്ടുണ്ട്.
അനന്തു കോ-ഓര്‍ഡിനേറ്ററായ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷനുമായി ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന് സഹകരിച്ചിരുന്നു.
രാധാകൃഷ്ണന്റെ ‘സൈന്‍’എന്ന സന്നദ്ധ സംഘടനയാണ് കോണ്‍ഫെഡറേഷനുമായി സഹകരിച്ച് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അനന്തുവിന്റെ ഫ്ളാറ്റില്‍ നടന്നിരുന്നുവെന്നാണ് വിവരം.
അനന്തുവിന്റെ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ ഡെവലപ്മെന്റ് സൊസൈറ്റിയുടെ (സീഡ്) ലീഗല്‍ അഡ്വൈസറാണ് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ്. മറൈന്‍ ഡ്രൈവിലെ അനന്തുവിന്റെ മൂന്ന് ഫ്ളാറ്റുകളും കൈകാര്യം ചെയ്തത് ലാലി വിന്സെന്റായിരുന്നുവെന്നാണ് വിവരം.
- ജെറി എം. തോമസ്
ഏറ്റവുമധികം തട്ടിപ്പ് എറണാകുളത്ത്
എറണാകുളം ജില്ലയില്‍ മാത്രം അനന്തുവിനെതിരേ 5000 ത്തിലധികം പരാതികള്‍ ലഭിച്ചതായാണ് വിവരം. എന്നാൽ ഇതുസംബന്ധിച്ച് പോലീസ് വ്യക്തത വരുത്തിയിട്ടില്ല. സംസ്ഥാനത്ത് ഏറ്റവുമധികം പേര് തട്ടിപ്പിന് ഇരയായിട്ടുള്ളത് എറണാകുളത്താകാമെന്ന് കരുതുന്നു.
കണ്ണൂർ ജില്ലയിൽ 2500ലേറെ പരാതികളാണ് ഇതിനകം ലഭിച്ചത്. കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ എഴുനൂറോളം പരാതികൾ ലഭിച്ചതായി സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻരാജ് പറഞ്ഞു.
ആലപ്പുഴ ജില്ലയില്‍ 750ഓളം പരാതികളിലായി 25 കോടി രൂപയുടെ തട്ടിപ്പു നടന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കോട്ടയം ജില്ലയില്‍ ആയിരത്തിലധികം പേര്‍ക്കു പണം നഷ്ടമായി.
ഇടുക്കി ജില്ലയിൽ ആയിരക്കണക്കിനാളുകളുടെ പണം നഷ്ടപ്പെട്ടു. നിലവിലെ കണക്കനുസരിച്ച് ജില്ലയിൽ മാത്രം ഒന്പതരകോടിയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. തട്ടിപ്പിന്റെ ആഴം പോലീസിനു വ്യക്തമാകുന്നതേയുള്ളൂ.
ജില്ലാ പോലീസ് മേധാവികൾ ഇതുസംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറുന്നതിനു തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് വിവരം.