കോട്ടയം: ദുബായിയിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയ യുവതി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയെന്നു സൂചന. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അമ്മ കാസർഗോഡ് ചിറ്റാരിക്കാൽ പുതിയപറന്പിൽ റോസ്ലി ബേബിയെ (54) പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചങ്ങനാശേരി മാമ്മൂട് സ്വദേശി ഡൊമിനിക്കിന്റെ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. ദുബായിയിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന കാസർഗോഡ് ചിറ്റാരിക്കാൽ സ്വദേശിനി അഞ്ജു 18 പേരിൽനിന്ന് 40 ലക്ഷം രൂപ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണു പോലീസ് നടത്തിയ അന്വേഷണത്തിൽ സൂചന ലഭിച്ചത്.
ചങ്ങനാശേരി സ്വദേശികളായ നാലു പേരിൽനിന്നു എട്ട് ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിലാണു വൻ തട്ടിപ്പിന്റെ ചുരുളഴിയുന്നത്. ദുബായിയിൽ നിരവധി പേരിൽനിന്നു പണം തട്ടിയതിനു അവിടെ കേസ് നിലനിൽക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ജുവിനെ ഇതുവരെ അറസ്റ്റു ചെയ്യാൻ സാധിച്ചിട്ടില്ല.
ഇവർ ഭോപ്പാലിലോ മംഗലാപുരത്തോ ഒളിവിൽ കഴിയുന്നുവെന്നാണു ബന്ധുക്കൾക്ക് ലഭിച്ചവിവരം. ഒരു വർഷം മുന്‍പാണു അഞ്ജുവിന്റെ തട്ടപ്പിനു തുടക്കം. ഇതിനിടയിൽ ഇവരുടെ വിവാഹവും കഴിഞ്ഞു. സാന്പത്തിക ക്രമക്കേട് നടത്തുന്ന യുവതിയാണെന്ന് അറിയാതെയാണു വയനാട് സ്വദേശി വിവാഹം കഴിച്ചത്. വൻതട്ടിപ്പ് കാരിയാണു അഞ്ജുവെന്നു വ്യക്തമായതോടെ യുവാവ് വിവാഹമോചനത്തിനു കേസ് നൽകി. ഈ കേസ് ഇന്നു കോടതിയുടെ പരിഗണനയിൽ വരും.