മങ്കൊമ്പ്: വാഹനത്തട്ടിപ്പു കേസിൽ പ്രതി പണയപ്പെടുത്തിയ വാഹനങ്ങൾ പോലീസ് കണ്ടെടുത്തു.
കേസിലെ പ്രതിയായ രാമങ്കരി പഞ്ചായത്ത് മാമ്പുഴക്കരി ളാങ്കര ആരോമൽ (28) വിവിധയാളുകളിൽനിന്നായി തട്ടിയെടുത്ത ആറു കാറുകളാണ് രാമങ്കരി പോലീസ് ഇന്നലെ സ്റ്റേഷനിലെത്തിച്ചത്.
നാലു കാറുകൾ പെരുമ്പാവൂരിൽനിന്നും പൊൻകുന്നത്തും കൊല്ലത്തുനിന്നും ഓരോ കാറുകളുമാണ് കണ്ടെടുത്തത്. ചങ്ങനാശേരി സ്വദേശിയുടെ ഇന്നോവാ, ആലപ്പുഴ സ്വദേശിയുടെ ആൾട്ടോ, ചങ്ങനാശേരി സ്വദേശിയുടെ ക്വിഡ്, ആലപ്പുഴ സ്വദേശിയുടെ വാഗണർ, പത്തനംതിട്ട സ്വദേശിയുടെ സ്വിഫ്റ്റ്, ഇടുക്കി സ്വദേശിയുടെ ബെലേനോ എന്നീ കാറുകളാണ് പോലീസ് പിടിച്ചെടുത്ത്.
ഇടുക്കി സ്വദേശിനിയുടെ പരാതിയിൻമേലാണ് രാമങ്കരി പോലീസ് കേസെടുത്തത്. വാഹനങ്ങൾ അതത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള സ്റ്റേഷനുകളിലേക്കു കൊണ്ടുപോകും.
കഴിഞ്ഞ 27 നാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് റിമാൻഡ് ചെയ്ത പ്രതിയെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി നാലു ദിവസത്തേക്കു കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
ഇന്നു കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കും.ഇതിനു പുറമെ രാമങ്കരി സ്വദേശിനിയിൽ നിന്നും പലതവണയായി 53 പവൻ സ്വർണം തട്ടിയെടുത്ത കേസും രാമങ്കരി പോലീസ് രജിസ്റ്റർ ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ടു കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് പോലീസ് ഇന്നു കോടതിയോട് ആവശ്യപ്പെടും.
യുവതിയുടെ പരാതിയിൻമേൽ പോലീസ് അന്വേഷണം ബംഗളൂ രുവിലേക്കു വ്യാപിപ്പിച്ചിരുന്നു. ഇതിനിടെ പ്രതി കോടതിയിൽ ഹാജരാകുകയായിരുന്നു.
രാമങ്കരി എസ്ഐ സഞ്ജീവ് കുമാർ, എഎസ്ഐമാരായ റിജോ ജോയ്, പ്രേംജിത്, സിപിഒമാരായ സുഭാഷ്, ജിനു, ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനങ്ങൾ കണ്ടെടുത്തത്.