കൊല്ലം: പൊതുമേഖലാ സ്ഥാപനങ്ങലിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തകേസിൽ അറസ്റ്റിലായവർക്കെതിരെ പരാതികൾ വർധിച്ചു. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട സ്വദേശികളായ 23പേരാണ് പരാതിയുമായി രംഗത്തുള്ളത്. അടൂർ തുവയൂർ സ്വദേശിപ്രശാന്ത്, തിരുവനന്തപുരം സ്വദേശി ജയസൂര്യ എന്നിവരാണ് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
കൂടുതൽ പേർ ഇനിയും പരാതിയുമായി രംഗത്തുവരുമെന്നാണ് പോലീസിന്റെ നിഗമനം. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകൾ കൂടാതെ മറ്റ് ജില്ലകളിലുള്ളവരും തട്ടിപ്പിനിരയായിട്ടുള്ളതായി സൂചനയുണ്ട്. അങ്ങനെയാണെങ്കിൽ വരുംദിവസങ്ങളിൽ പരാതിക്കാരുടെ എണ്ണം വർധിക്കും. പരാതിക്കാർ അതാത് സ്റ്റേഷനുകളിൽ പരാതിപ്പെടുകയും കേസെടുക്കുകയും ചെയ്യാനാണ് നിർദേശം.
പ്രതികൾ അടുത്തിടെ വാങ്ങിയ കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകൾ നേരത്തെ തന്നെ മരവിപ്പിച്ചിരുന്നു. കെടിഡിസി, വൈലോപ്പിള്ളി സംസ്കൃതിഭവൻ,വിഴിഞ്ഞം പോർട്ട്, നോർക്കറൂട്ട്സ് എന്നിവിടങ്ങളിൽ ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പാണ് നടന്നിട്ടുള്ളത്. ഇവരെ നാളെ കസ്റ്റഡിയിൽ കിട്ടുമെന്നാണ് സൂചന. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ വെളിച്ചത്തുവരും.