കാഞ്ഞങ്ങാട്: എടിഎം കൗണ്ടറിൽ ഒളികാമറ സ്ഥാപിച്ചു പണം തട്ടാൻ നീക്കം നടത്തി അറസ്റ്റിലായ യുവാവിനെ ഹൊസ്ദുർഗ് കോടതി റിമാൻഡു ചെയ്തു.പെരുന്പാവൂർ മതിലകം സ്വദേശി എബി(26)യെയാണു ഇന്നലെ വൈകുന്നേരം നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടിയത്. കാഞ്ഞങ്ങാടിനടുത്ത മഡിയനിലെ ഗ്രാമീണ്‍ ബാങ്ക് എടിഎമ്മിലാണു ഒളികാമറ സ്ഥാപിക്കാൻ ശ്രമം നടത്തിയതെന്നു പോലീസ് പറഞ്ഞു.
കാമറ സ്ഥാപിച്ചു ഇടപാടുകാരുടെ പാസ് വേഡ് കണ്ടെത്തി തട്ടിപ്പു നടത്താനുള്ള നീക്കമായിരുന്നു പിന്നിലെന്നാണ് നിഗമനം. എടിഎം കൗണ്ടറിലൊരാൾ മുഖംമൂടിയും ഹെൽമറ്റും ധരിച്ചു കയറുന്നതു കണ്ട നാട്ടുകാരിൽ ചിലരാണു വിവരം പോലീസിൽ അറിയിച്ചത്. ഇടപാടുകാരുടെ പാസ് വേഡ് കണ്ടെത്തി വ്യാജ എടിഎം കാർഡ് ഉപയോഗിച്ചു പണം തട്ടാനാണു ഒളി കാമറ സ്ഥാപിച്ചതെന്നു പ്രതി പോലീസിനോടു സമ്മതിച്ചു.
വ്യാജ ക്രെഡിറ്റ് കാർഡ് നിർമിച്ചു നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നു ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ സംഘത്തിലെ മുഖ്യപ്രതി കാസർഗോഡ് തളങ്കര സ്വദേശി നുഅ്മാന്റെ സഹായിയാണു അറസ്റ്റിലായ എബിയെന്നു പോലീസ് പറഞ്ഞു. എറണാകുളത്ത് ഉൾപ്പെടെ നിരവധി മോഷണകേസുകളിലും ഇയാൾ പ്രതിയാണെന്നു പോലീസ് പറഞ്ഞു.