മഞ്ചേരി: ജോലി ചെയ്യുന്ന വീടുകളിൽ കയറി മോഷണം പതിവാക്കിയ പ്രതിയുടെ ഭാര്യയെയും മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പിടിയിലായ ഗോവിന്ദരാജന്റെ ഭാര്യ ശാന്തി മോളെ (28)യാണ് പോലീസ് പിടികൂടിയത്. മഞ്ചേരിയിലും പരിസരത്തും ജോലി ചെയ്ത വീടുകൾ കേന്ദ്രീകരിച്ച് കളവ് നടത്തുന്ന തമിഴ്നാട് പൊള്ളാച്ചി സ്വദേശി ഗോവിന്ദരാജിനെ മഞ്ചേരി പോലീസ് ഏതാനും ദിവസങ്ങൾക്ക് മുന്പ് പിടികൂടിയിരുന്നു.
ഭാര്യ ആലത്തൂർ മണലായി കുയിൽ ശാന്തിമോൾ ആണ് മോഷണ സ്വർണം വിൽപ്പന നടത്തുന്നത്. തുടർന്ന് പ്രതിയുടെ ഭാര്യ താമസിക്കുന്ന പാലക്കാട് ആലത്തൂരുള്ള വീട്ടിൽ തെരച്ചിൽ നടത്തുകയും പ്രതി ഏൽപ്പിച്ച സ്വർണാഭരണങ്ങൾ ബാങ്കിൽ നിന്നു കണ്ടെടുക്കുകയും ചെയ്തു. ഗോവിന്ദരാജിന്റെ കൂടെ ഭാര്യയും മഞ്ചേരി പട്ടർകുളത്ത് താമസിക്കാനുണ്ടായിരുന്നു.
കഴിഞ്ഞവർഷം ആലത്തൂർ പോലീസ് പിടികൂടിയ കളവ് കേസിൽ ഇരുവരും ഒരുമിച്ചാണ് ജയിലിൽ നിന്നിറങ്ങിയത്. ജോലി ചെയ്യുന്ന വീടിന്റെ പശ്ചാത്തലം മനസിലാക്കിയാണ് പ്രതി രാത്രികാലങ്ങളിൽ കളവ് നടത്തി വരുന്നത്. മോഷണത്തിനുള്ള ആയുധങ്ങളും പ്രതി സ്വന്തമായി ഉണ്ടാക്കിയിരുന്നു.
പാലക്കാട്, തൃശൂർ ജില്ലകളിൽ നിരവധി കേസുകളുള്ള ഗോവിന്ദരാജ് മൂന്നു മാസം മുന്പാണ് ജയിലിൽ നിന്നിറങ്ങിയത്. മഞ്ചേരി സി.ഐ അലവി, എ.എസ്.ഐ. സുമേഷ് സുധാകർ, എ.എസ്.ഐ സുരേഷ്, എ.എസ്.ഐ അനന്തകൃഷ്ണൻ, അജയൻ, മുഹമ്മദ് സലീം, സൽമാൻ, ഹരിലാൽ, ജിജി എന്നിവരാണ് അന്വേഷണത്തിലുണ്ടായിരുന്നത്.