കൊച്ചി: സിനിമാ ഫോട്ടോഗ്രാഫര്‍ ചമഞ്ഞ് കാമറകള്‍ വാടകയ്ക്കെടുത്ത് ഒഎല്‍എക്സ് വഴി മറിച്ചു വില്പന നടത്തിവന്ന കേസില്‍ കൂട്ടുപ്രതിക്കായി പോലീസ് അന്വേഷണം.
തട്ടിപ്പ് നടത്തിയ പുനലൂര്‍ സ്വദേശി ഷൈന്‍ (31) ആണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്.സഹോദരന് ഷൈജുവുമായി ചേര്‍ന്നായിരുന്നു ഷൈനിന്റെ തട്ടിപ്പ്.
ഇയാള്ക്കായാണു പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുള്ളത്.അതിനിടെ, ഇയാള്‍ വിദേശത്തേക്കു കടന്നതായാണു വിവരം. ഇയാള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കും. കേരളത്തിലുടനീളം ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസ് നല്കുന്ന വിവരം.
സിനിമാ ചിത്രീകരണത്തിനും മറ്റും കാമറ വാടകയ്ക്കു കൊടുത്തിരുന്ന പുല്ലേപ്പടി സ്വദേശി ശിവപ്രകാശിന്റെ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ ഏപ്രിലില്‍ ശിവപ്രകാശിന്റെ കൈയില്‍നിന്നു ഷൈന്‍ കാമറയും ലെന്‍സുകളും ഷൂട്ടിംഗിനെന്ന പേരില്‍ 3,000 രൂപ ദിവസവാടകയ്ക്ക് എടുത്തിരുന്നു.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും വാടകയും കാമറയും കിട്ടാതായതോടെ ഇയാളെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.
ചില സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രതി താരങ്ങളോടൊപ്പം സിനിമാ സെറ്റുകളില്‍ വച്ചെടുത്ത ഫോട്ടോകള്‍ കാണിച്ചാണ് ഇടപാടുകരെ വിശ്വസിപ്പിച്ചിരുന്നത്.
പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍നിന്നായി തട്ടിപ്പിലൂടെ കൈക്കലാക്കിയ വിവിധ തരം കാമറകള്‍ പോലീസ് കണ്ടെടുത്തു.
ഷൈന്‍ നടത്തിയ ഇടപാടുകള്‍ക്കായി ഷൈജുവിന്റെയും ഷൈജു നടത്തിയ ഇടപാടുകള്‍ക്കായി ഷൈനിന്റെയും തിരിച്ചറിയല്‍ കാര്‍ഡും മൊബൈല്‍ നമ്പറുമാണ് നല്‍കിയിരുന്നത്.
പരാതിക്കാര്‍ ഫോണില്‍ ബന്ധപ്പെട്ടാല്‍ ഇതിനെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞു തടിയൂരുകയാണ് പ്രതികള്‍ ചെയ്തിരുന്നതെന്നും പോലീസ് വ്യക്തമാക്കുന്നു.