കാട്ടാക്കട : വീട് നിർമാണത്തിന് സഹായ വാഗ്ദാനം നൽകാമെന്ന് വയോധികയെ വിശ്വസിപ്പിച്ചു സ്വർണമാലയുമായി കടന്ന കേസിലെ പ്രതിയുടെ പേരിൽ സംസ്ഥാനത്തൊട്ടാകെ കേസുകൾ. കാഞ്ഞിരംകുളം കനാൽ കോട്ടേജിൽ ഷിബു.എസ്.നായർ (43) ആണ് കാട്ടാക്കട പോലീസിന്റെ പിടിയിലായത്.
സംസ്ഥാനത്തും ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലുമായി ഇരുപതോളം കേസുകളിലെ പ്രതിയാണ് ഷിബു. ഇതിൽ പോലീസുകാരെ ആക്രമിച്ചതും ഉൾപ്പെടുന്നു.പന്നിയോട് കല്ലാമം സ്വദേശിയായ വയോധികയുടെ ഒന്നേകാൽ പവൻ മാലയാണ് ഇയാൾ തന്ത്രപൂർവ്വം കൈക്കലാക്കി കടന്നത്.
ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ പതിനഞ്ചാം തീയതി ആയിരുന്നു സംഭവം. ഇടവകയിലെ പള്ളി വികാരി കൊറോണ ബാധിച്ചു ചികിത്സയിലാണെന്നും പകരം താൻ വിവരം അറിയിക്കാൻ എത്തിയതാണെന്നും ധരിപ്പിച്ചാണ് വൃദ്ധയുടെ അടുത്തെത്തിയത്.
വാർധക്യ സഹജമായ അസുഖമുള്ള വൃദ്ധ ഒറ്റക്കാണ് താമസിക്കുന്നത്. ഇത് മനസിലാക്കിയാണ് പ്രതി ഇവരുടെ അടുത്തെത്തിയത്. വീട് നിർമാണത്തിന് സഹായം അനുവദിക്കാൻ ആദ്യ ചിലവുകൾക്കായി ആറായിരം രൂപ നൽകണം എന്നാണ് ഇയാൾ ആവശ്യപ്പെട്ടത്.
എന്നാൽ തുക ഇല്ല എന്ന് പറഞ്ഞ വൃദ്ധയുടെ കഴുത്തിൽ കിടന്ന സ്വർണ മാല ആവശ്യപ്പെടുകയും ഇത് പണയം വച്ച് തുക എടുക്കാം എന്നും രസീത് തിരികെ ഏൽപ്പിക്കാം എന്നും ഷിബു വൃദ്ധയെ വിശ്വസിപ്പിച്ചു. തുടർന്ന് മാലയുമായി പോയ ഷിബുവിനെ കാണാത്തതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.
സ്ഥലത്തു നിന്നും മാലയുമായി കടന്ന ഷിബു കള്ളിക്കാട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മാല 32,000 രൂപയ്ക്കാണ് പണയം വച്ചതെന്ന് പോലീസ് കണ്ടെത്തി. വൃദ്ധർ ഒറ്റയ്ക്ക് താമസിക്കുന്ന ഇടങ്ങൾ കണ്ടെത്തിയാണ് ഷിബു തട്ടിപ്പിന് കളമൊരുക്കുന്നത്.
വിവിധ സ്റേഷനുകളിൽ ആൾമാറാട്ടം, പിടിച്ചുപറി, കബളിപ്പിക്കൽ, പോലീസുകാരെ ഉപദ്രവിക്കൽ ഉൾപ്പെടെ 20ൽ അധികം കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു. കൊല്ലം, കോട്ടയം, പത്തനംതിട്ട , ആലപ്പുഴ ജില്ലകളിലും തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലും ഒട്ടേറെ തട്ടിപ്പുകൾ നടത്തിയ പ്രതി പലപ്പോഴും മുങ്ങി നടക്കുകയാണ് പതിവ്. ഇക്കുറി ഫോൺ വിളിച്ച് ഇയാളെ വരുത്തി തന്ത്രപൂർവ്വം കുടുക്കുകയായിരുന്നു.