തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ഇലക്ട്രിക്കൽസ് ആൻഡ് ഇലക്ട്രോണിക്സ് ടെക്നീഷ്യൻസ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ജീവനക്കാരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം, കൈതമുക്ക് ഇരവിപേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം താമസം, സഹകരണ സംഘത്തിലെ സെക്രട്ടറിയുമായിരുന്ന ലേഖ. പി. നായർ (40), ഇവരുടെ ഭർത്താവ് കൃഷ്ണകുമാർ (45) എന്നിവരാണ് ഫോർട്ട് പോലീസിന്റെ പിടിയിലായത്.
തിരുവനന്തപുരം തമലം സ്വദേശിയായ സനോജ്, ഈ സഹകരണ സംഘത്തിൽ നിക്ഷേപിച്ചിരുന്ന 35 ലക്ഷത്തോളം രൂപ കാലാവധി പൂർത്തിയായിട്ടും തിരികെ നൽകാത്തതായി കാണിച്ച് ഫോർട്ട് പോലീസിന് നൽകിയിരുന്ന പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.
പ്രതികൾ തകരപറമ്പ് കേന്ദ്രീകരിച്ച് 2013-ൽ തിരുവനന്തപുരം ജില്ലാ ഇലക്ട്രിക്കൽസ് ആൻഡ് ഇലക്ട്രോണിക്സ് ടെക്നീഷ്യൻസ് കോ- ഓപ്പറേറ്റിവ് സൊസൈറ്റി എന്ന പേരില്‍ സഹകരണ സംഘം രജിസ്റ്റർ ചെയ്ത് അനധികൃതമായി ജീവനക്കാരിൽ നിന്നും ലക്ഷങ്ങൾ വാങ്ങിയാണ് നിയമനം നടത്തി.
തുടര്‍ന്ന് ഈ പണത്തിന് ഉയർന്ന പലിശയും സുരക്ഷിതത്വവും നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു നിരവധി പേരില്‍ നിന്ന് മൂന്നു കോടിയോളം രൂപ ഫിക്സഡ് ഡെപ്പോസിറ്റ് ആയും, ഒരു കോടിയോളം രൂപ എസ്ബി അക്കൗണ്ടുകൾ വഴിയും കൈവശപ്പെടുത്തുകയായിരുന്നു.
അതിനുശേഷം, പണം നിയമപരമായി ബാങ്കിൽ നിക്ഷേപിക്കാതെ, പ്രതികളുടെ പേരിൽ ലോൺ ആയും, ചിട്ടികൾ ആയും ഒരു കോടിയിൽപ്പരം രൂപ വക മാറ്റുകയും, പ്രതികളുടെ സുഹൃത്തുക്കൾക്കും വേണ്ടപ്പെട്ടവർക്കും ജാമ്യ വ്യവസ്ഥകൾ പാലിക്കാതെ ഒന്നര കോടിയോളംരൂപ നിയമ വിരുദ്ധ ലോൺ ആയി നൽകിയുമാണ് പ്രതികൾ ഇടപാടുകാരെ ചതിച്ചത്.
കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞ് ഒളിവിൽ പോയ പ്രതികളെ കുറിച്ച് ഫോർട്ട് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ഷാജിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഫോർട്ട് എസ്എച്ച്ഒ ജെ. രാകേഷിന്റെ നേത്യത്വത്തിൽ എസ്ഐ സജു ഏബ്രഹാം, സിപിഒ മാരായ പ്രഫൽ, സുധീർ, സാബു, ബിനു, വിനോദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
പോലീസ് പാര്‍ട്ടിയെ കണ്ടു വാഹനത്തിൽ കടന്നുകളയാൻ ശ്രമിച്ച പ്രതികളെ വാഹനം തടഞ്ഞു പിടികൂടുകയായിരുന്നു. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.