കോട്ടയം: അയ്മനത്ത് ഗ്യാസ് പരിശോധനയ്ക്കെന്ന വ്യാജേന വീട്ടിലെത്തി വയോധികയുടെ മാല തട്ടിയെടുത്ത സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശി സജി(28)യാണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുന്നു. ഇയാളുടെ കൂട്ടാളിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
പ്രതികളെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് തയാറാക്കി പ്രസിദ്ധീകരണങ്ങൾക്ക് നൽകിയിരുന്നു. ഇത് കണ്ട് ചിലർ പോലീസിന് വിവരങ്ങൾ കൈമാറിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
കാറിലെത്തിയ രണ്ടംഗസംഘം അയ്മനം വട്ടയ്ക്കാട്ട് ജാനകിയുടെ (83) സ്വർണമാലയാണ് തട്ടിയെടുത്തത്. മകനും ഭാര്യയും പുറത്തുപോയ സമയത്ത് കാറിലെത്തിയ രണ്ടംഗ സംഘം ഗ്യാസ് അടുപ്പുമായി വീട്ടിലേക്ക് കയറി. ഗ്യാസ് കണക്ഷൻ പരിശോധിക്കണമെന്ന് പറഞ്ഞാണ് സംഘം എത്തിയത്.
ജാനകിയോട് റേഷൻ കാർഡും, ആധാർ കാർഡും മറ്റു രേഖകളും ഇവർ ആവശ്യപ്പെട്ടു. രേഖകൾ പരിശോധിക്കുന്നതിനിടെ സബ്സിഡി ലഭിക്കണമെങ്കിൽ കഴുത്തിൽ കിടക്കുന്ന സ്വർണത്തിന്റെ തൂക്കം അറിയണമെന്ന് സംഘം ജാനകിയെ അറിയിച്ചു. ജാനകി സ്വർണ മാല ഉൗരി നൽകിയ ഉടൻ മാലയുമായി സ്ഥലം വിടുകയായിരുന്നു.