കൊച്ചി: ചേരാനല്ലൂരിൽ പ്രവർത്തിക്കുന്ന പ്രൈവറ്റ് സെക്യൂരിറ്റി ഏജൻസിയിൽ സൂപ്പർ വൈസറായി ജോലി ചെയ്യുന്നതിനിടെ വിവിധ സ്ഥാപനങ്ങളിൽ നിന്നും ഏജൻസിയുടെ പേരിൽ പണം വാങ്ങി മുങ്ങിയ പ്രതിയെ കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നു.
ഇയാൾ സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിലന്പൂർ ചന്തക്കുന്ന് സ്വദേശി അനിൽ കുമാറാണ് (52) ചേരാനല്ലൂർ പോലീസിന്റെ പിടിയിലായത്.
ഏജൻസിയുമായി കരാറുള്ള എറണാകുളത്തെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് ആറു ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
സംഭവത്തിനുശേഷം എറണാകുളത്ത് നിന്നു കടന്നു കളഞ്ഞ പ്രതി പാലക്കാട് മറ്റൊരു കന്പനിയിൽ സെക്യൂരിറ്റി ആയി ജോലി ചെയ്തു വരവെയായിരുന്നു അറസ്റ്റ്.
എറണാകുളം സെൻട്രൽ എസിപി സി.ജയകുമാറിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ ചേരാനല്ലൂർ പോലീസ് ഇൻസ്പെക്ടർ കെ.ജി. വിപിൻ കുമാർ, എസ്ഐമാരായ തോമസ് കെ. സേവ്യർ, എ.കെ. എൽദോ , പി.പി. വിജയകുമാർ, സീനിയർ സിപിഒമാരായ സിഘോഷ്, അനീഷ് എന്നിവരുണ്ടായിരുന്നു.