കോതമംഗലം: സമ്മാനത്തുക അടിച്ചതായി വിശ്വസിപ്പിച്ച് വീട്ടമ്മയിൽനിന്ന് പണംതട്ടിയ സംഭവത്തിൽ പിടിയിലായ ആഫ്രിക്കൻ വംശജനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോതമംഗലം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കുക. ആഫ്രിക്കയിലെ താൻസാനിയ സ്വദേശി അന്റോണി മ്ലാഷ്നി(26) ആണ് മുംബൈ വിമാനത്താവളത്തിൽവച്ച് പോലീസിന്റെ പിടിയിലായത്.
സാംസംഗ് കന്പനിയുടെ അഞ്ചു ലക്ഷം രൂപ സമ്മാനം ലഭിച്ചതായി തെറ്റിദ്ധരിപ്പിച്ചാണ് കോതമംഗലം ചെറുവട്ടൂർ വരിക്കാനിക്കൽ ഗ്രേസിയിൽനിന്ന് പ്രതി 25000 രൂപ തട്ടിയെടുത്തത്. 2016 ഒക്ടോബർ 20നാണ് കേസിന് ആസ്പദമായ സംഭവം. ഗ്രേസിയുടെ മൊബൈൽ ഫോണിലേക്ക് അഞ്ച് ലക്ഷം രൂപ സമ്മാനം കിട്ടിയതായി സന്ദേശവും തുടർന്ന് അന്റോണിയുടെ ഫോണ് വിളിയും വന്നു.
സമ്മാനത്തുകയുടെ നികുതി തുകയായ 25000 രൂപ ഇയാളുടെ ഹൈദരാബാദിലുള്ള ബാങ്ക് ഓഫ് ബറോഡ ശാഖയിലെ അക്കൗണ്ട് നന്പറിലേക്ക് നിക്ഷേപിക്കണമെന്ന് അറിയിച്ചു. തുക നിക്ഷേപിച്ചു കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും സമ്മാനം കിട്ടാതെ വന്നപ്പോഴാണ് ഗ്രേസിക്ക് തട്ടിപ്പിന് ഇരയായതെന്ന് മനസിലായത്.
2017 ജൂണിൽ കോതമംഗലം പോലീസിൽ പരാതി നൽകി. പ്രതിയെ കണ്ടെത്താനാവാതെ വന്നതോടെ പോലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. കഴിഞ്ഞ നാലിന് ബ്രിട്ടനിലേക്ക് പോകാനായി മുംബൈ വിമാനത്താവളത്തിലെത്തിയ അന്റോണിയെ വിമാനത്താവളത്തിൽ തടഞ്ഞുവച്ച് മുംബൈ പോലീസിനു കൈമാറുകായിയിരുന്നു.
പിന്നീട് കോതമംഗലം പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പോലീസിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. ചോദ്യം ചെയ്യലിനോട് പ്രതി സഹകരിക്കുന്നില്ലാന്നാണ് അറിയുന്നത്. കൂടുതൽ പേരെ ഇത്തരത്തിൽ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടോയെന്നും, കൂട്ടുപ്രതികളുണ്ടോ തുടങ്ങിയ വിവരങ്ങളാണ് വിശദമായി ചോദ്യം ചെയ്യുന്നത്.
ഹൈദരാബാദ് ഉസ്മാനിയ യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ എത്തിയതാണ് അന്റോണി മ്ലാഷ്നി. അഞ്ച് വർഷം ഇവിടെ പഠിച്ചിരുന്നതായാണ് പോലീസിനു ലഭിക്കുന്ന വിവരം. പ്രതിയുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പണം തിരിച്ച് നൽകി കേസ് അവസാനിപ്പിക്കാനും ചില വക്കിലന്മാർ ഇടനിലക്കാരായി നീക്കം നടക്കുന്നതായാണ് വിവരം.