കോട്ടയം: വാട്സ് ആപ്പിലുടെ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയവരെ ഇന്നു കോട്ടയത്ത് എത്തിക്കും. നൈജീരിയൻ സ്വദേശി ബെഞ്ചമിൻ ബാബഫേമി, ഇയാളുടെ കാമുകി പൂനെ സ്വദേശി ശീതൾ, ഇവരുടെ സഹായി വിനോദ് കട്ടാരിയ എന്നിവരെയാണു കഴിഞ്ഞ ദിവസം മുംബൈയിൽ നിന്നും കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത്.
കുടമാളൂർ സ്വദേശിക്കു വാട്സ് ആപ്പ് സന്ദേശത്തിലുടെ അമേരിക്കൻ കപ്പലിൽ ജോലി വാഗ്ദാനം ചെയ്തശേഷം പണം തട്ടിയെടുക്കുകയായിരുന്നു. ബാങ്ക് അക്കൗണ്ട് വഴിയാണു ഇവർ പണം വാങ്ങിയത്. ഇന്റർനെറ്റ് കോളിംഗിനുപയോഗിക്കുന്ന നന്പർ ഉപയോഗിച്ചു വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കിയശേഷം ഈ നന്പരിൽ നിന്നും സന്ദേശം അയച്ചായിരുന്നു തട്ടിപ്പ്.
ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ എന്ന വ്യാജേനയാണ് ഇവർ കുടമാളൂർ സ്വദേശിയായ കപ്പൽ ജീവനക്കാരനെ ബന്ധപ്പെട്ടത്. തുടർന്നു ഇയാൾക്കു അമേരിക്കയിലുള്ള കപ്പലിൽ ഉയർന്ന ശന്പളത്തിനു ജോലി വാഗ്ദാനം ചെയ്തു. ഈ ജോലി ലഭിക്കുന്നതിനായി വിവിധ ആവശ്യങ്ങൾ പറഞ്ഞാണു പലപ്പോഴായി ഇവർ പണം ബാങ്ക് അക്കൗണ്ട് വഴി കൈപ്പറ്റിയത്. ജോലി ലഭിക്കുമെന്ന് അറിയിച്ചിരുന്ന അവധികൾ പലതു കഴിഞ്ഞപ്പോഴാണു സംഭവം തട്ടിപ്പാണെന്നു യുവാവിനു മനസിലായത്.
പ്രതികളെ കോട്ടയത്ത് എത്തിച്ചശേഷം വിശദമായ അന്വേഷണം നടത്താനുള്ള തയാറെടുപ്പിലാണു പോലീസ്. ഇവരുടെ അക്കൗണ്ട് പരിശോധിച്ചതിൽ നിന്നും നിരവധി പേരിൽ നിന്നും സമാനമായ രീതിയിൽ പണം തട്ടിയെടുത്തിട്ടുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇവരെ വിശദമായി ചോദ്യം ചെയ്തെങ്കിൽ മാത്രമേ തട്ടിപ്പു സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളു.