ചങ്ങനാശേരി: ആശുപത്രികളിൽ രോഗികളുടെ മുറികളിൽ മോഷണം നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. പത്തനംതിട്ട ആറന്മുള ഇടശേരിമല പുതുവൽ ബിന്ദുരാജ്(അജിത-37), റാന്നി മന്ദിരംപടി വേലന്പറന്പിൽ സുരേഷ് ബാബു(45) എന്നിവരാണ് കോട്ടയം ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാ സ്ക്വാഡിന്റെ പിടിയിലായത്. അറസ്റ്റിലായ പ്രതികളെ പോലീസ് കൂടുതൽ ചോദ്യംചെയ്തു വരികയാണ്. ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കും.
ചങ്ങനാശേരി ഡിവൈഎസ്പി ആർ.ശ്രീകുമാർ, സിഐ കെ.പി.വിനോദ്, ആന്റി ഗുണ്ടാ സ്ക്വാഡ് അംഗങ്ങളായ കെ.കെ.റെജി, അൻസാരി, മണികണ്ഠൻ, അജയൻ, വനിതാ പോലീസ് ഓമന എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.
പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ 23ന് ചങ്ങനാശേരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി രശ്മി(34)യുടെ ആറ് പവന്റെ സ്വർണാഭരണങ്ങളും 600 രൂപയും എടിഎം കാർഡും ബാഗ് ഉൾപ്പെടെ മോഷണം പോയി. മരുന്നു വാങ്ങുന്നതിനായി ബാഗ് നോക്കിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
അന്നു രാവിലെ 11ന് ഒരു സ്ത്രീ തന്റെ മുറിയുടെ കതകുതുറന്ന് ഇറങ്ങി പോകുന്നതായി രശ്മിയിയുടെ ഓർമയിൽ വന്നു. തുടർന്ന് ചങ്ങനാശേരി പോലീസിൽ പരാതി നൽകി. പോലീസ് എത്തി ആശുപത്രിയിലെ സിസി കാമറ ദൃശ്യങ്ങൾ പരിശോധിച്ചു.
ആന്റി ഗുണ്ടാ സ്ക്വാഡ് ആശുപത്രികൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന സ്ത്രീകളുടെ വിവരം ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ സംഭവത്തിനു പിന്നിൽ ആറന്മുള സ്വദേശിനി ബിന്ദുരാജാണെന്നു മനസിലായി. അന്നു രാത്രിയിൽ പോലീസ് ബിന്ദുവിന്റെ വീട്ടിലെത്തി.
പോലീസ് എത്തിയ മാത്രയിൽ ബിന്ദു വീട്ടിൽനിന്നു രക്ഷപ്പെട്ടു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ബിന്ദു രാജ് സുഹൃത്ത് സുരേഷ് ബാബുവുമായി ബാംഗ്ലൂരിലേക്കു കടന്നതായി അറിഞ്ഞു. മൂന്നു ദിവസത്തിനു ശേഷം നാട്ടിൽ തിരികെയെത്തിയ സുരേഷ് ബാബുവിനെ ആന്റി ഗുണ്ടാ സ്ക്വാഡ് റാന്നിയിൽനിന്നു പിടികൂടി.
ഇയാളെ ചോദ്യം ചെയ്തതിൽനിന്നു ബിന്ദു രാജ് നെടുംകുന്നത്തുള്ള ഒരു പാസ്റ്ററിന്റെ വീട്ടിൽ ഉണ്ടെന്നറിഞ്ഞു. പോലീസ് എത്തിയപ്പോൾ അവിടെനിന്നും ബിന്ദു രാജ് രക്ഷപ്പെട്ടു. സുരേഷ് ബാബുവിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ബിന്ദുരാജ് പോകാറുള്ള സ്ഥലങ്ങൾ അന്വേഷിച്ച് റാന്നിയിൽനിന്നു പോലീസ് ഇവരെ പിടികൂടുകയായിരുന്നു.
ബിന്ദുവിനെ ചോദ്യം ചെയ്തപ്പോൾ ചങ്ങനാശേരിയിലേ രണ്ട് ആശുപത്രികളിലെ മോഷണം തെളിഞ്ഞതായി പോലീസ് പറഞ്ഞു. നഗരത്തിലെ മറ്റൊരു ആശുപത്രിയിൽനിന്നു 1500 രൂപയും എടിഎം കാർഡും തിരിച്ചറിയൽ കാർഡും ഉൾപ്പെട്ട ബാഗ് മോഷ്ടിച്ചതായി ഇവർ സമ്മതിച്ചിട്ടുണ്ട്.
ബിന്ദുരാജിനെ ആറന്മുളയിലുള്ള വീട്ടിലെത്തിച്ച് പരിശോധന നടത്തിയപ്പോൾ ആശുപത്രിയിൽനിന്നു മോഷ്ടിച്ച ബാഗും റിക്കാർഡുകളും സ്വർണം വിറ്റുകിട്ടിയ പതിനായിരം രൂപയും കണ്ടെടുത്തിട്ടുണ്ട്. മോഷ്ടിച്ച സ്വർണത്തിൽ ഒരു വളയും മാലയും ബംഗളൂരുവിൽ വിറ്റതായും ബാക്കി സൂക്ഷിച്ചിട്ടുണ്ടെന്നും ബുന്ദുരാജ് പോലീസിനു മൊഴി നൽകിയിട്ടുണ്ട്.
ഗൾഫിലെ ജോലിക്കിടയിലാണ് ബിന്ദുരാജും സുരേഷ് ബാബുവും തമ്മിൽ പരിചയപ്പെട്ടത്. ആറു വർഷമായി ഭർത്താവുമായി പിണങ്ങി കഴിയുന്ന ബിന്ദുരാജ്, സുരേഷ് ബാബുവുമായി അടുപ്പത്തിലാണ്.
ഇരുവരും ചേർന്നാണ് മോഷണം നടത്തുന്നതെന്നും മോഷണ മുതലുകൾ വിൽക്കുന്നതു സുരേഷ് ബാബുവാണെന്നും പോലീസ് പറഞ്ഞു. തിരുവല്ല, കോഴഞ്ചേരി, അടൂർ തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ആശുപത്രികളിലും ഇരുവരും ചേർന്ന് മോഷണം നടത്തിയിട്ടുള്ളതായും അടൂർ പോലീസ് ഇവരെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുള്ളതായും പോലീസ് പറഞ്ഞു.