പുതുക്കാട്: ദേശീയപാതയിൽ ലിഫ്റ്റ് ചോദിച്ച് ബൈക്കുകളിൽ കയറി യാത്രക്കാരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും കവരുന്ന യുവാവിനെ പുതുക്കാട് പോലീസ് അറസ്റ്റുചെയ്തു. പുതുക്കാട് തെക്കെതൊറവ് പണ്ടാരി വീട്ടിൽ ഡേവിഡ് (22) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ രണ്ട് വർഷമായി നിരവധി ബൈക്ക് യാത്രക്കാരുടെ ആയിരക്കണക്കിന് രൂപയാണ് ഇയാൾ കവർന്നത്. രണ്ട് ദിവസം മുൻപ് നെല്ലായി സ്വദേശി നിധിന്റെ ബാഗിൽ നിന്ന് 14000 രൂപ മോഷ്ടിച്ച കേസിലാണ് ഇയാൾ പിടിയിലായത്. പുതുക്കാട് സെന്ററിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ വീഡിയോ ദൃശ്യങ്ങളാണ് ഇയാളെ പിടികൂടാൻ സഹായകമായത്.
പുതുക്കാട് സെന്ററിലും പാലിയേക്കര ടോൾ പ്ലാസയിലും നിന്നാണ് ഇയാൾ ബൈക്കുകളിൽ ലിഫ്റ്റ് ചോദിച്ച് കയറുന്നത്. പുറകിൽ ബാഗുമായി വരുന്ന ബൈക്ക് യാത്രക്കാരെ കേന്ദ്രീകരിച്ചാണ് ഇയാൾ മോഷണം നടത്തുന്നത്. ബാഗിൽ നിന്ന് പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്നയുടനെ ബൈക്ക് യാത്രക്കാർക്ക് സംശയം തോന്നാത്ത രീതിയിൽ പാതിവഴിയിൽ ഇറങ്ങുകയാണ് പതിവ്.
പുതുക്കാട് സ്റ്റേഷനിൽ മാത്രം ആറുപേരുടെ പണം കവർന്നതായി പരാതിയുണ്ട്. പുതുക്കാട് പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്കുന്നതിനിടെയാണ് നിരീക്ഷണ ക്യാമറയിൽ നിന്ന് ഇയാളുടെ ദൃശ്യങ്ങൾ ലഭിച്ചത്. 5000 രൂപ മുതൽ 50000 രൂപ വരെ പല ബൈക്ക് യാത്രക്കാരിൽ നിന്നായി മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രതി പോലീസിന് മൊഴി നൽകി.
കഴിഞ്ഞ ദിവസം ആലുവ ദേശത്തുള്ള ബൈക്ക് യാത്രക്കാരന്റെ പണം കവർന്നതും ഇയാളാണെന്ന് പോലീസ് പറഞ്ഞു.ഇങ്ങിനെ ലഭിക്കുന്ന പണംകൊണ്ട് ആഡംബര ബൈക്ക് വാടകക്ക് എടുത്ത് സുഖവാസ കേന്ദ്രങ്ങളിൽ കൂട്ടുകാരുമൊത്ത് കറങ്ങി നടക്കുകയാണ് ഇയാൾ ചെയ്യുന്നത്.
പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു. പുതുക്കാട് എസ്എച്ച്ഒ എസ്പി സുധീരന്റെ നേതൃത്വത്തിൽ എസ്ഐമാരായ സിദിഖ്, കെ.എൻ.സുരേഷ്, എഎസ്ഐമാരായ ജോഫി ജോസഫ്, സുമേഷ് കുമാർ, അലി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.