കൊച്ചി: ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അടുത്ത സുഹൃത്തെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ചു തട്ടിപ്പു നടത്തിയ സംഭവത്തിൽ പിടിയിലായ പ്രതി പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ സാന്പത്തിക തട്ടിപ്പുകളും നടത്തിയെന്നു സംശയം. ഇതു സംബന്ധിച്ച് അന്വേഷണം നടത്തിവരുന്നതായി പോലീസ് പറഞ്ഞു.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അടുത്ത സുഹൃത്തെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ചു തട്ടിപ്പു നടത്തിയ ചന്തിരൂർ കൊച്ചുതുരുത്തേൽ ഫെലിക്സ് (50) ആണു കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായത്. പോലീസ് ഉദ്യോഗസ്ഥർക്കു നൽകാനെന്നു പറഞ്ഞു എറണാകുളത്തെ ഒരു പ്രമുഖ കാർ വ്യവസായിയെ കബളിപ്പിച്ചു ഗൃഹോപകരണങ്ങൾ വാങ്ങി എന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതി കുടുങ്ങിയത്.
ചന്ദിരൂർ സ്വദേശി ആണെങ്കിലും കൊച്ചിയിൽ സ്ഥിരതാമസമാക്കിയ പ്രതി ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായി അന്വേഷണത്തിൽ തെളിഞ്ഞു. ഇതിനൊപ്പമാണ് ഉദ്യോഗസ്ഥരുടെ പേരിൽ സാന്പത്തിക തട്ടിപ്പുകളും ഇയാൾ നടത്തിയെന്ന സൂചന അധികൃതർക്കു ലഭിച്ചത്.
തട്ടിപ്പിലൂടെ നേടിയെടുക്കുന്ന സാധനങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുകൾക്കും നൽകുകയാണ് ഇയാളുടെ പതിവ്. തട്ടിപ്പിലൂടെ ഇയാൾ നേടിയ വിലകൂടിയ ഗൃഹോപകരണങ്ങൾ ചിലത് ആലപ്പുഴയിലെ ഇയാളുടെ ഒരു സുഹൃത്തിന്റെ വീട്ടിൽനിന്നു പോലീസ് കണ്ടെത്തി. ഷാഡോ എസ്ഐ എ.ബി. വിബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.