യുവാവിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയത് ആഡംബര ജീവിതം നയിച്ചുണ്ടായ കടം വീട്ടാനായിരുന്നുവെന്ന് പ്രതിയായ നിയമവിദ്യാർഥിനി ജിനുവിന്റെ മൊഴി. ഫേസ് ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാക്കളെ വീട്ടിലേക്ക് വിളിച്ച് വരുത്തി ബ്ലാക്ക് മെയിൽ ചെയ്ത് പണവും മൊബൈൽ ഫോണും എടിഎം കാർഡും തട്ടിയെടുത്ത ശേഷം യുവാക്കളെ മർദ്ദിച്ച കേസിൽ തിരുവനന്തപുരം പേട്ട പോലീസിന്റെ പിടിയിലായപ്പോൾ പ്രതി ജിനു വെളിപ്പെടുത്തിയതാണ് ഇക്കാര്യങ്ങൾ.
തന്റെ ഭർത്താവ് വിഷ്ണുവുമൊന്നിച്ച് ഹണിമൂണിന് പോയ വകയിൽ ഉണ്ടായ കടം വീട്ടാൻ ഭർത്താവും സുഹൃത്തുക്കളുമൊരുമിച്ച് നടത്തിയ കെണിയായിരുന്നു ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടലെന്ന് പിടിയിലായ പ്രതികൾ പോലീസിനോട് വെളിപ്പെടുത്തി. പിടിയിലായ ജിനുവിന്റെ ഭർത്താവ് വിഷ്ണു മുന്പ് വാഹനമോഷണകേസിലും പിടിച്ചുപറി കേസിലെയും പ്രതിയാണെന്നും പോലീസ് പറഞ്ഞു.
കണ്ണമ്മൂല തോട്ടുവരന്പ് വീട്ടിൽ വിഷ്ണു (24), ഇയാളുടെ ഭാര്യയും നിയമവിദ്യാർഥിനിയുമായ ജിനു ജയൻ (20), സുഹൃത്തുക്കളായ വെട്ടുകാട് മാധവപുരം അൽഫിന മൻസിലിൽ അബിൻഷ (22), വെട്ടുകാട് മാധവപുരം സുഗത നിവാസിൽ മൻസൂർ (20), വഴയില ക്രൈസ്റ്റ് നഗറിൽ ലെനിൻ വില്ലയിൽ സ്റ്റാലിൻ, ചിറയിൻകീഴ് കടകം തെക്കേവിള ഭഗവതി ക്ഷേത്രത്തിന് സമീപം തുരുത്തിൽ വീട്ടിൽ വിവേക് (21) എന്നിവരെയാണ് പേട്ട പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസിന്റെ ചോദ്യം ചെയ്യൽ വേളയിൽ പ്രതികൾ വെളിപ്പെടുത്തിയ കാര്യങ്ങൾ ഇവയാണ്- ബാലരാമപുരം സ്വദേശിയായ എൻജിനീയറിംഗ് കോളജ് വിദ്യാർഥിയുമായി ഫെയ്സ് ബുക്ക് വഴി യുവതി സൗഹൃദത്തിലായി. ഇരുവരും തമ്മിൽ വാട്ട്സ് ആപ്പ് വഴി ചാറ്റിംഗ് ആരംഭിക്കുകയും പിന്നീട് അശ്ലീല ചാറ്റിംഗിലേക്ക് വഴി മാറി. ഇതിനിടെ യുവാവിനെ ജിനു തന്റെ വീട്ടിലേക്ക് ക്ഷണിച്ചു.
യുവാവും സുഹൃത്തും പേട്ട ഭഗത് സിംഗ് റോഡിൽ എത്തി ജിനുവിന് വേണ്ടി കാത്തിരുന്നു. ഇതിനിടെ യുവാക്കൾക്കെതിരെ ജിനു പേട്ട പോലീസിൽ പരാതി നൽകിയിരുന്നു. യുവാക്കൾ തനിക്കെതിരെ അശ്ലീല സന്ദേശം അയച്ചുവെന്നും കൈയിൽ കടന്നുപിടിച്ചുവെന്നുമായിരുന്നു പരാതി. പിന്നീട് കാത്തുനിന്ന യുവാവിനെയും സുഹൃത്തിനേയും കൂട്ടി ജിനുവും ഭർത്താവും പോലീസ് സ്റ്റേഷനിലെത്തി.
പോലീസ് കേസെടുക്കാൻ തീരുമാനിച്ചപ്പോൾ യുവാക്കളുമായി സംസാരിച്ച് പ്രശ്നം ഒത്തു തീർപ്പാക്കാമെന്നും പ്രായപൂർത്തിയാകാത്തവരാണെന്നും യുവതി പോലീസിനെ തെറ്റിദ്ധരിപ്പിച്ചു. പിന്നീട് പരാതിയില്ലെന്ന് പറഞ്ഞ് യുവതിയും ഭർത്താവും സ്റ്റേഷനിൽ നിന്നും പോയി. പിന്നീട് യുവാക്കളെ ജിനുവും ഭർത്താവും സുഹൃത്തുക്കളും ചേർന്ന് ബലമായി ഇവരുടെ വീട്ടിലേക്ക് വിളിച്ച് കൊണ്ട് പോയി മർദ്ദിച്ച ശേഷം മൊബൈൽ ഫോണും എടിഎം കാർഡും പിൻനന്പരും തട്ടിയെടുത്തു.
എടിഎമ്മിൽ നിന്നും 40000 രൂപ തട്ടിയെടുത്ത ശേഷം യുവാക്കളെ വഴിയിൽ തള്ളുകയായിരുന്നുവെന്ന് പ്രതികൾ പോലീസിനോട് വെളിപ്പെടുത്തി. മർദ്ദനമേറ്റ യുവാക്കൾ പേട്ട പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കഥയുടെ ചുരുൾ അഴിഞ്ഞത്. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ ഷാനിഹാൻ, പേട്ട എസ്എച്ച് ഒ സുജുകുമാർ, എസ്ഐമാരായ പ്രതാപചന്ദ്രൻ, വിനോദ് സുവർണകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണവും തെളിവെടുപ്പും നടത്തുമെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ ഭർത്താവ് വിഷ്ണുവിനെതിരെ വാഹനമോഷണ കേസും പിടിച്ചുപറി കേസും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികൾക്കെതിരെ കൂടുതൽ പരാതികൾ ലഭിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.