പി. പ്രശാന്ത്
പേരൂർക്കട: കസ്റ്റംസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പു നടത്തിയ കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ നാലാഞ്ചിറ സ്വദേശി ജോയ് (48) യെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ പോലീസിനെ പോലും ഞെട്ടിക്കുന്നത്. പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമുള്ള ജോയ് തിരുവനന്തപുരം ജില്ലയിലും പുറത്തുമായി നിരവധി തട്ടിപ്പുകൾ ആണ് നടത്തിയിരിക്കുന്നത്. ശാസ്തമംഗലം ചാടിയറ സ്വദേശിനി സരളാദേവിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പോലീസ് ജോയിയുടെ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം തുടങ്ങുന്നത്.
കസ്റ്റംസിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞാണ് നിരവധിപേരെ തട്ടിപ്പിന് ഇരയാക്കിയത്. തമ്പാനൂരിലെ വാഹനപരിശോധനയ്ക്കിടെ യാദൃച്ഛികമായി കുടുങ്ങിയ പ്രതിയെ ചോദ്യം ചെയ്തതോടെയാണ് നിഗൂഢതകൾ പുറത്തറിയുന്നത്. സരളാദേവിയുടെ പരാതിയില് നടന്ന അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇവരുടെ മകള്ക്കുവേണ്ടി തിരുവനന്തപുരം എയര്പോര്ട്ടില് കസ്റ്റംസ് ആൻഡ് എക്സൈസ് വിഭാഗത്തില് ഓഫീസ് അസിസ്റ്റന്റായി ജോലി വാങ്ങിനല്കാമെന്നായിരുന്നു വാഗ്ദാനം. തൊഴില് വാഗ്ദാനം ചെയ്ത് 36,000 രൂപയാണ് ഇയാള് കബളിപ്പിച്ചെടുത്തതെന്നു പോലീസ് പറയുന്നു.
വർഷങ്ങൾക്കു മുമ്പ് നാലാഞ്ചിറയിൽ ഒറ്റിക്ക് താമസിക്കാൻ വന്ന ഇയാളുടെ കുടുംബം ഉടമസ്ഥരെ പറ്റിച്ച് വീട് കൈക്കലാക്കാൻ ശ്രമിച്ചതിന് രണ്ടുമാസം മുമ്പ് മണ്ണന്തല സ്റ്റേഷനിൽ കേസ് ഉണ്ട്. ഒരു ഐ.ജിയുടെ പി.എ ചമഞ്ഞ് കടയിൽക്കയറി തട്ടിപ്പ് നടത്തിയതിനും ഇയാൾക്കെതിരെ കേസുണ്ട്. നിരവധി സ്യൂട്ട് കേസുകളാണ് ഇയാൾ കടകളിൽനിന്ന് അടിച്ചുമാറ്റിയത്. അങ്ങേയറ്റം കുശാഗ്രബുദ്ധിയോടെയാണ് ഇയാൾ തട്ടിപ്പിൽ ഏർപ്പെട്ടു വന്നിരുന്നത്. താൻ കസ്റ്റംസ് ഓഫീസർ ആണെന്ന് വരുത്തിത്തീർക്കാൻ നൂറുകണക്കിന് യൂണിഫോമുകൾ വീട്ടിൽ കരുതി.
തട്ടിപ്പിനിരയായവർ തന്നെ തിരിച്ചറിയും എന്ന ധാരണയിൽ താന് മരിച്ചുപോയി എന്നു വരുത്തിത്തീര്ക്കാനായി വീട്ടിൽ സ്വന്തം ഫോട്ടോയിൽ മാലയിട്ടു വിളക്കുകത്തിച്ചു താൻ മരണപ്പെട്ടു എന്ന് വീട്ടിലെത്തുന്നവർ അറിഞ്ഞ് മടങ്ങും എന്നായിരുന്നു അയാളുടെ ചിന്ത. ഇയാളുടെ വീട്ടിൽ നിന്ന് പോലീസ് പിടിച്ചെടുത്ത രേഖകൾ പരിശോധിച്ചു വരികയാണ്. ഇതിൽ നിന്ന് എത്ര പേർ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ട് എന്ന് വ്യക്തമാകും.
തിരുവനന്തപുരത്ത് മാത്രമല്ല ഇതരജില്ലകളിൽപ്പെട്ടവരെയും ഇയാൾ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട് എന്നാണ് സൂചന. ഇയാൾ തന്റെ നിയമപ്രകാരമുള്ള ഭാര്യയെയും കുട്ടിയെയും പുറത്താക്കിയിരുന്നു എന്നും ഒറ്റയ്ക്കാണ് താമസിച്ചുവന്നിരുന്നത് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് സ്റ്റേഷനിൽ പരാതിയുമുണ്ട്. തിരുനെൽവേലി സ്വദേശിനിയായ സ്ത്രീയുമൊത്ത് ഇയാൾ ഇപ്പോൾ താമസിച്ചു വരുന്നത് താൻ സർക്കാർ ജീവനക്കാരൻ ആണെന്ന് അവരെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടാണ്.
സാമ്പത്തികമായി അത്ര ഉന്നതിയിൽ ഒന്നുമല്ല ജോയിയുടെ കുടുംബം. തട്ടിപ്പ് നടത്തി കിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കാനാണ് ഇയാൾ ആഗ്രഹിച്ചു വന്നിരുന്നത്. എത്രപേർ ഇയാളുടെ കബളിപ്പിക്കലിന് ഇരയായിട്ടുണ്ടെന്നും അവരിൽനിന്ന് നേടിയെടുത്ത പണം ഇയാൾ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് എന്നുമുള്ള അന്വേഷണവും പോലീസ് ആരംഭിച്ചിട്ടുണ്ട്.