തൃശൂർ/അരിന്പൂർ: മരിച്ചുപോയവർക്കും കൃഷിഭൂമിയില്ലാത്തവർക്കും അനുകൂല്യങ്ങൾ നല്കിയ സംഭവത്തിൽ അരിന്പൂർ കൃഷിഭവനിലെ മുൻ കൃഷി ഓഫീസർ പി.ആർ. ഷീല, ഇപ്പോഴത്തെ കൃഷി ഓഫീസർ എസ്. മിനി എന്നിവരെ സർവീസിൽനിന്നു സസ്പെൻഡു ചെയ്തു. ഗവർണറുടെ ഉത്തരവുപ്രകാരം അഡീഷണൽ സെക്രട്ടറി വി.എസ്. ഉഷാകുമാരിയാണ് സസ്പെൻഷൻ ഉത്തരവ് നൽകിയിരിക്കുന്നത്.
ഗുരുതര സാന്പത്തിക ക്രമക്കേടുകൾ നടത്തുകയും ഒൗദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തുകയും ചെയ്തുവെന്ന പരാതി സർക്കാർ വിശദമായി പരിശോധിച്ചതായി ഉത്തരവിൽ വ്യക്തമാക്കി. അരിന്പൂർ കൃഷിഭവൻ പരിധിയിലെ മനക്കൊടി-വെളുത്തൂർ ഉൾപ്പാടം കടുകൃഷി പാടശേഖരം നെല്ലുത്പാദക സമിതി നെൽകൃഷി സംബന്ധമായ സബ്സിഡികൾ കൈപ്പറ്റി തിരിമറി നടത്തിയെന്ന പരാതിയിൽ വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ഈ സമിതി 2010-11, 2011-12 എന്നീ കാലഘട്ടങ്ങളിൽ സമിതിക്കു കീഴിലുള്ള കൃഷിക്കാർക്കു വളം, സബ്സിഡി ലഭിക്കുന്നതിനായി അരിന്പൂർ കൃഷി ഓഫീസിലും വെളുത്തൂർ വില്ലേജ് ഓഫീസിലും സമർപ്പിച്ച ബി ഫോം ലിസ്റ്റിലും കൃഷിക്കാർക്ക് വിതരണം ചെയ്ത അക്വിറ്റൻസിലും പന്പിംഗ് സബ്സിഡി അക്വിറ്റൻസിലും പരിശോധന നടത്തിയിരുന്നു.
ഇതിൽ മരിച്ചുപോയവരുടെ പേരിലും നെൽകൃഷി ചെയ്യാത്ത ഭൂമിയുടെ സർവേ നന്പർ കാണിച്ച് 2010-2012 കാലത്തെ പാടശേഖര സമിതി സെക്രട്ടറി, പ്രസിഡന്റ്, സർവീസ് സൂപ്പർവൈസർ, സമിതിയംഗങ്ങൾ തുടങ്ങിയവർ ചേർന്ന് സബ്സിഡി തുകകൾ തട്ടിയെടുത്തതായും ഇതിനായി കൃഷി ഓഫീസർമാരായിരുന്ന പി.ആർ. ഷീല, മിനി, വില്ലേജ് ഓഫീസർമാരായിരുന്ന വി.ജി. ഗോപി, കെ.എസ്. ലാൽ എന്നീ സർക്കാർ ഉദ്യോഗസ്ഥർ കൂട്ടുനിന്നു എന്നുമായിരുന്നു പ്രധാന ആരോപണങ്ങൾ.
2010-11, 2011-12 വർഷങ്ങളിൽ സമിതിയിലെ കൃഷിക്കാർക്ക് സർക്കാരിൽനിന്നും നല്കുന്ന വളം സബ്സിഡി, ഉത്പാദക ബോണസുകൾ, പന്പിംഗ് സബ്സിഡികൾ എന്നിവയ്ക്കുള്ള ലിസ്റ്റ് തയാറാക്കിയതിലും വിതരണം നടത്തിയതിലും സമിതി സെക്രട്ടറി, സൂപ്പർവൈസർ എന്നിവർ മരണപ്പെട്ടുപോയവരുടെ പേരിലും ഭൂമി ഇല്ലാത്തവരുടെ പേരിലും പണം കൈപ്പറ്റിയതായി തെളിവുണ്ട്.
നടപടിക്രമങ്ങൾ പാലിക്കാതെയും പാടശേഖര സമിതി നല്കിയ ലിസ്റ്റ് പരിശോധിക്കാതെയും സബ്സിഡി നൽകി സർക്കാരിനു നഷ്ടം വരുത്തിയ ഇവരെ സർവീസിൽനിന്നു സസ്പെൻഡുചെയ്തു വകുപ്പുതല അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കാനും വിജിലൻസ് റിപ്പോർട്ടിൽ ശിപാർശ ചെയ്തിരുന്നതായും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.