കണ്ണൂർ: പ്രമുഖ വസ്ത്രാലയത്തിൽനിന്ന് 60 ലക്ഷവുമായി മുങ്ങിയ സംഭവത്തിൽ അറസ്റ്റിലായ മാനേജരെ കണ്ണൂരിലെത്തിച്ചു തെളിവെടുപ്പ് നടത്തി. കണ്ണൂർ നഗരത്തിലെ കണ്ണോത്തുംചാലിലെ കല്യാൺ സിൽക്സ് മാനേജരായിരുന്ന തൃശൂർ പേരാമംഗലം സ്വദേശി പി.എസ്. മഹേഷിനെ (36)യാണ് ഇന്നു രാവിലെ കല്യാൺ സിൽക്സ് ഷോറൂമിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
ഡിവൈഎസ്പി വേണുഗോപാൽ, കണ്ണൂർ ടൗൺ സിഐ എ.ഉമേഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്. മാനേജരായ മഹേഷ് 60 ലക്ഷം രൂപ വെട്ടിപ്പ് നടത്തി മുങ്ങിയെന്നു കാണിച്ച് അസി. മാനേജർ പോൾ കണ്ണൂർ പോലീസിൽ പരാതി നൽകിയിരുന്നു. കണ്ണൂർ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മഹേഷിനെ തൃശൂരിൽ പോലീസ് കസ്റ്റഡിയിലെടുത്തത്.
വിഷുദിവസം വസ്ത്രാലയത്തിന് അവധിയായിരുന്നു. അന്നേദിവസം രാവിലെ കടയുടെ ഷട്ടർ തുറന്ന് അകത്തുകയറിയ മഹേഷ് ഷെൽഫിൽ സൂക്ഷിച്ച 60 ലക്ഷം രൂപ കവരുകയായിരുന്നുവെന്നായിരുന്നു പരാതി. ഇതിനിടെ ഇന്നലെ രാവിലെ സ്ഥാപന ഉടമ പട്ടാഭിരാമന്റെ വീട്ടിൽ മഹേഷ് എത്തുകയും 25 ലക്ഷം രൂപ പട്ടാഭിരാമനെ ഏൽപ്പിക്കുകയും ചെയ്തു.ബാക്കി തുക താൻ തന്റെ ചില കടങ്ങൾ വീട്ടാൻ ഉപയോഗിച്ചെന്നായിരുന്നു ഉടമയോടു പറഞ്ഞത്.