കോട്ടയം: വനിതാ വ്യവസായിയിൽനിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ അറസ്റ്റിലായ പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. തട്ടിപ്പ് നടത്തിയ മൂന്നംഗ സംഘത്തിലെ ഒരാളെയാണ് ഗാന്ധിനഗർ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കാസർഗോഡ് ഉദുമ ഉപ്പള ഷെഫീഖ് മൻസിലിൽ മജീദാ(46)ണ് അറസ്റ്റിലായത്. കുമാരനല്ലൂർ സ്വദേശിനിയായ ലൈലയെ കബളിപ്പിച്ച കേസിൽ രണ്ടാം പ്രതിയാണു മജീദ്. മജീദിന്റെ സഹോദരൻ ഫിർദോസ് മുഹമ്മദ്, ഇയാളുടെ ഭാര്യ സൗമ്യ എന്നിവരും പ്രതികളാണ്.
2018 ലാണ് കേസിനാസ്പദമായ സംഭവം. കോട്ടയം മെഡിക്കൽ കോളജ് ഭാഗത്ത് ലൈലയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഹോട്ടൽ വില്പന നടത്തിയശേഷം കുമാരനല്ലൂരിൽ സ്റ്റിച്ചിംഗ് സെന്ററും ഫാബ്രിക് യൂണിറ്റും തുടങ്ങാൻ പദ്ധതിയിട്ടിരുന്നു. ഇത് മനസിലാക്കി ഫിർദോസും ഭാര്യ സൗമ്യയും ലൈലയുമായി സൗഹൃദം സ്ഥാപിച്ചശേഷം ലൈലയേയും മകൻ ആഷിയേയും ഫിർദോസിനെയും പാർട്ട്ണർമാരാക്കി മാന്നാനത്ത് ടെക്സ്റ്റൈൽ സ്ഥാപനം ആരംഭിച്ചു.
പലപ്പോഴായി 12 ലക്ഷത്തോളം രൂപ ഫിർദോസും ഭാര്യയും ചേർന്നു ലൈലയിൽ നിന്നും വാങ്ങിയെടുത്തു. ഇതിനു പുറമേ 28 ലക്ഷം രൂപയുടെ തുണിത്തരങ്ങൾ വിവിധ കന്പനികളിൽ നിന്നും പർച്ചേസ് ചെയ്ത് മാന്നാനത്തെ കടയിൽ എത്തിച്ചു. ഈ സാധനങ്ങൾ ഫിർദോസും സൗമ്യയും ചേർന്ന് തട്ടിയെടുത്തശേഷം മജീദിന്റെ ഉടമസ്ഥതയിൽ കാസർഗോഡ് പ്രവർത്തിക്കുന്ന ഫാഷൻ ക്ലബ് എന്ന ടെക്സ്റ്റൈൽ ഷോപ്പിലേക്കു മാറ്റി.
സാധനങ്ങൾ വിറ്റ പണം കാണാതെ വന്നതോടെയാണ് ലൈല ഗാന്ധിനഗർ പോലീസിൽ പരാതി നല്കിയത്.ഇതോടെ മജീദ് കാസർഗോഡുള്ള ടെക്സ്റ്റൈൽസ് അടച്ചു പൂട്ടി. മറ്റൊരു ടെക്സ്റ്റൈൽ ഷോപ്പ് തുടങ്ങുകയും ചെയ്തു.ദിവസങ്ങൾക്കു മുന്പ് ഗാന്ധിനഗർ സ്റ്റേഷനിൽ കെട്ടിക്കിടക്കുന്ന കേസുകൾ അന്വേഷിക്കാൻ ജില്ലാ പോലീസ് ചീഫ് പി.എസ്. സാബു ഗാന്ധിനഗർ എസ്ഐ ടി.എസ്. റെനീഷിനെ ചുമതലപ്പെടുത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.ഗാന്ധിഗനർ എസ്ഐ ടി.എസ്. റെനീഷ്, അഡീഷണൽ എസ്ഐ തോമസ്, എഎസ്ഐ എം.പി. സജി എന്നിവർ ചേർന്നാണു പ്രതിയെ കാസർഗോഡ് നിന്നും പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.