വടക്കഞ്ചേരി: പല സ്ഥലങ്ങളിൽ പേര് മാറ്റി വാടകക്ക് താമസിച്ച് സമീപവാസികളുമായും വീട്ടുടമകളുമായും അടുത്ത് പരിചയപ്പെട്ട് പണം തട്ടുന്ന ദന്പതികളെ നാട്ടുകാരുടെ സഹായത്തോടെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം അന്പലപ്പാറ ചീക്കോട്ടിൽ മണികണ്ഠൻ (56), ഭാര്യ ഗിരിജ (50) എന്നിവരെയാണ് എസ്.ഐ. ആദം ഖാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
മേലാർക്കോട് വേണുഗോപാൽ, ഷീല എന്ന പേരിൽ വാടക കെട്ടിടത്തിൽ താമസിച്ചു വരികയായിരുന്നു ഇവർ. കഴിഞ്ഞ നവംബറിൽ മഞ്ഞപ്ര ആറാം തൊടിയിൽ വാടകക്ക് താമസിക്കുന്പോൾ കെട്ടിട ഉടമ ഉൾപ്പെടെ അഞ്ച് പേരിൽ നിന്നായി മൂന്നര ലക്ഷത്തോളം രൂപ വായ്പയായി വാങ്ങിയിരുന്നു.
രണ്ട് കോടി രൂപയുടെ സ്ഥലം വിറ്റിട്ടുണ്ടെന്നും പണം കിട്ടാൻ ചില കോടതി നടപടികൾ പൂർത്തിയാക്കാനായി അത്യാവശ്യമായി പണം ആവശ്യപ്പെട്ടാണ് മഞ്ഞപ്രക്കാരെ കെണിയിലാക്കിയത്.വാചകമടിച്ച് ആളെ വീഴ്ത്താൻ നല്ല വൈദഗ്ദ്ധ്യം മണികണ്ഠനുണ്ടെന്ന് കബളിപ്പിക്കപ്പെട്ടവർ പറയുന്നു.
പുതിയതായി താമസമാക്കിയ മേലാർക്കോട്ടെ വീട്ടുടമയിൽ നിന്നും കുറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ 25,000 രൂപ വാങ്ങിയിട്ടുണ്ട്.20,000 രൂപ കൂടി ഇന്നലെ കൊടുക്കാനിരിക്കെയാണ് തട്ടിപ്പുകൾ പുറത്ത് വന്നത്.തട്ടിപ്പിനിരയായ നിരവധി പേർ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതിയുമായി എത്തുന്നുണ്ട്. ചെറുതുരുത്തി പുതുശ്ശേരി സ്വദേശിനിയാണ് സ്ത്രീ. ഇവർ രണ്ടാം ഭാര്യയാണെന്ന് പോലീസ് പറഞ്ഞു.
വായ്പ വാങ്ങി കൂടുതൽ തുക തിരിച്ച് നൽകാമെന്ന് ഉറപ്പ് നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ഇതിനാൽ ഇവർക്ക് വായ്പ നൽകിയ പലരും പരസ്പരം മറച്ചുവെച്ചു. ഒടുവിൽ ഇവർ പെട്ടെന്ന് വാടക വീട് വിട്ടതോടെയാണ് കബളിപ്പിക്കപ്പെട്ടവർ ഒത്തുകൂടിയത്.