കോട്ടയം: കോട്ടയത്ത് ഓണ്‍ലൈൻ തട്ടിപ്പ് സജീവമാകുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ രണ്ടു പേരെയാണ് തട്ടിപ്പ് കേസിൽ പോലീസ് പിടികൂടിയത്. ഓണ്‍ലൈൻ സൈറ്റിൽ ഐഫോണ്‍ വിൽപ്പനയ്ക്കുവച്ച് മൊബൈൽ ഫോണ്‍ കട ഉടമയിൽനിന്ന് 76,000 രൂപ തട്ടിയെടുത്തയാളെ ഇന്നലെ പോലീസ് പിടികൂടി. മലപ്പുറം പൊന്നാനി മാറൻചേരി പുറങ്ങ്ഭാഗം പന്തായിൽ മനൂപ് പന്തായിലിനെ(28)യാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ബേക്കർ ജംഗ്ഷനിലെ മൊബൈൽ ഫോണ്‍ കടയുടമയായ റിഫാജാണ് പരാതി നൽകിയത്. കഴിഞ്ഞ 15നായിരുന്നു കേസിനാസ്പദമായ സംഭവം. സെക്കൻഡ് ഹാൻഡ് മൊബൈലിന്റെ വിൽപ്പനയ്ക്കായി റിഫാജ് ഓണ്‍ലൈൻ വില്പന സൈറ്റിൽ പരസ്യം നൽകിയിരുന്നു. ഇതു കണ്ട് കഴിഞ്ഞ ഡിസംബറിൽ മനൂപ് റിഫാജിനെ ഫോണിൽ ബന്ധപ്പെട്ടു. പീന്നിട് ജനുവരി 15ന് റിഫാജിനെ ഫോണിൽ ബന്ധപ്പെട്ട മനൂപ് ഐഫോണ്‍ 11 പ്രോ തന്റെ പക്കലുണ്ടെന്നും 86,000രൂപ തന്നാൽ ഫോണ്‍ നല്‍കാമെന്നും അറിയിച്ചു.
ഒടുവിൽ ഇവർ തമ്മിൽ 76,000രൂപയിൽ ധാരണയായി. ഇതോടെ റിഫാജ്, മനൂപിന് 76,000 രൂപ ഇയാൾ നിർദേശിച്ച അക്കൗണ്ടിലേക്ക് ഇട്ടു നൽകി. പണം ഉടൻ തന്നെ പിൻവലിച്ച മനൂപ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. ഇതോടെയാണ് തട്ടിപ്പിന് ഇരയായതായി റിഫാജിന് മനസിലായത്. തുടർന്ന് ഇയാൾ കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ തിരുവനന്തപുരത്ത് ഉണ്ടെന്നു കണ്ടെത്തി.
തിരുവനന്തപുരത്തെ കടയിൽനിന്ന് കാർഡ് സ്വൈപ്പ് ചെയ്ത് മനൂപ് 7500രൂപയുടെ ഫോണ്‍ വാങ്ങിയതായി കണ്ടെത്തി. തുടർന്ന് ജില്ലാ പോലീസ് ചീഫ് പി.എസ്. സാബുവിന്റെ നിർദേശാനുസരണം വെസ്റ്റ്് എസ്എച്ച്ഒ എം.ജെ. അരുണ്‍, എസ്.ഐ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇത്തരത്തിൽ തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം പ്രതി ക്രിക്കറ്റ് വാതുവയ്പ്പിനായാണ് ഉപയോഗിക്കുന്നതെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യ-ഓസ്ട്രേലിയ ക്രിക്കറ്റ് മത്സരത്തിന്റെ വാതുവയ്പ്പിനും, വരാനിരിക്കുന്ന ഐപിഎൽ മത്സരത്തിന്റെ വാതുവയ്പ്പിനും പണം മുടക്കിയതായാണ് പ്രതി പോലീസിനോടു വെളിപ്പെടുത്തിയത്.
ഇരുചക്ര വാഹന വായ്പയ്ക്കായി അന്വേഷണം നടത്തിയ യുവാവിനെ കബളിപ്പിച്ച് പണം തട്ടിയെടുത്തയാളെ കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു. പുതുപ്പള്ളി പരിയാരം പാലക്കുളത്ത് ഐജു മാത്യു (28)വാണ് അറസ്റ്റിലായത്. ആലപ്പുഴ നെടുമുടി ചന്പക്കുളം പുതിയ മഠത്തിൽ ടോം ജോർജിനെ കബളിപ്പിച്ച് 60,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.