തൃപ്പൂണിത്തുറ: കടകളിൽനിന്നു ലക്ഷങ്ങൾ വിലയുള്ള സാധനങ്ങൾ വാങ്ങി പണം നൽകാതെ കടന്നുകളയുന്നയാളെ ഉദയംപേരൂർ പോലീസ് പിടികൂടി.
മലപ്പുറം കൊണ്ടോട്ടി പുളിക്കൽ അന്തിയൂർകുന്ന് ഫസാന മൻസിലിൽ മുജീബ് റഹ്മാനാണ് (41) പിടിയിലായത്.കഴിഞ്ഞ മാർച്ച് 26ന് ഉദയംപേരൂർ വലിയകുളത്തെ പ്രിയ സ്റ്റീൽസിൽനിന്ന് അഞ്ചു ലക്ഷം രൂപയുടെ ഇരുമ്പുകമ്പികൾ വാങ്ങിയശേഷം ഓൺലൈനായി പണം ട്രാൻസ്ഫർ ചെയ്തതിന്റെ വ്യാജ രസീത് നൽകിയാണ് തട്ടിപ്പ് നടത്തിയത്.
സിവിൽ കോൺട്രാക്ടറാണെന്ന് പരിചയപ്പെടുത്തി ആഡംബരക്കാറിൽ വന്ന മുജീബ് റഹ്മാൻ കടയുടമയുമായും ജീവനക്കാരുമായും സൗഹൃദമുണ്ടാക്കി മുളന്തുരുത്തിയിലെ സൈറ്റിലേക്ക് കമ്പികൾ ഇറക്കുകയായിരുന്നു.
പണമടച്ച വ്യാജ രസീത് വാട്സാപ്പിലൂടെ നൽകി. പണം വന്നിട്ടില്ലെന്ന് മനസിലാക്കിയ കടയുടമ സൈറ്റിലെത്തിയപ്പോൾ കമ്പികൾ അവിടെനിന്ന് മാറ്റിയിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ മലപ്പുറം തേഞ്ഞിപ്പലത്തുനിന്ന് കസ്റ്റഡിയിലെടുത്തു. മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഇയാൾ വിവിധ സ്ഥലങ്ങളിലായി 12 ഓളം സമാന തട്ടിപ്പുകൾ നടത്തിയുള്ളതായും നിരവധി കേസുകൾ ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതായും പോലീസ് പറഞ്ഞു.
ഒളിവിലായതിന് കോടതികളിൽ വാറൻഡുമുണ്ട്. ഉദയംപേരൂർ സിഐ ബാലൻ, എസ്ഐ എൻ.ആർ. ബാബു, എഎസ്ഐ രാജേഷ്, എസ്സിപിഒ ശ്രീകുമാർ, സിപിഒമാരായ ഗുജ്റാൾ, ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.