കുമരകം: ജോലി വാഗ്ദാനം നൽകി പലരിൽനിന്നും ലക്ഷങ്ങൾ തട്ടിച്ച കുമരകം സ്വദേശി പോലീസിന്റെ പിടിയിലായി. കുമരകം നാല്പതിൽച്ചിറ ടോണി കുമരകമാണു പോലീസിന്റെ പിടിയിലായത്. കുമരകത്തെ റിട്ടയേർഡ് അധ്യാപകനായ ബാലസുബ്രമണ്യൻ എസ്പിക്ക് നൽകിയ പരാതിയെ തുടർന്നാണ് കുമരകം പോലീസ് ടോണിയെ കസ്റ്റഡിയിലെടുത്തത്.
എൻസിപി ഏറ്റുമാനൂർ ബ്ലോക്ക് വൈസ്പ്രസിഡന്റായ ടോണി കുമരകം എൻവൈസി മുൻസംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പു നടത്തിവന്നതെന്നു പോലീസ് പറഞ്ഞു.
അധ്യാപകന്റെ മകന് കണ്ണൂർ എയർപോർട്ടിൽ ഗ്രേഡ് – രണ്ടു ജൂണിയർ അസിസ്റ്റ് റാങ്ക് ലിസ്റ്റിൽ പേരുണ്ടായിരുന്നു. ഇതു അറിഞ്ഞ ടോണി കൊച്ചിൻ ഇന്റർനാഷണൽ എയർ പോർട്ടിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് വ്യാമോഹിപ്പിച്ചാണ് രണ്ടര ലക്ഷം രൂപ കൈക്കലാക്കിയത്.
ഒരു മന്ത്രിയുടെ സഹോദരി പുത്രൻ ഹബീബ് റഹ്മാൻ എന്നു തെറ്റിദ്ധരിപ്പിച്ച് ഒരാളെ ആലപ്പുഴ റോയൽ പാർക്ക് ഹോട്ടലിൽ പരിചയപ്പെടുത്തുകയും അയാൾ ടോണിയുടെ വശം പണം നൽകാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അധ്യാപകൻ പണം നൽകിയത്. ബാലസുബ്രമണ്യൻ പഠിപ്പിച്ച വിദ്യാർഥി തന്നോടു വഞ്ചന കാണിക്കില്ലെന്ന ധൈര്യത്തിലാണു പണം നൽകിയതെന്ന് അധ്യാപകൻ രാഷ്ട്രദീപികയോടു പറഞ്ഞു.
കഴിഞ്ഞ മേയ് 29നു ഒന്നര ലക്ഷം രൂപയും ജൂലൈ അഞ്ചിനു ഒരു ലക്ഷം രൂപയുമാണ് അധ്യാപകൻ നൽകിയത്. ജോലി ലഭിക്കില്ലന്നു സംശയം തോന്നിയതോടെ പണം പലതവണ ആവശ്യപ്പെട്ടിട്ടും ലഭിക്കാതെ വന്നതോടെ പരാതി നൽകുമെന്ന് അറിയിച്ചതോടെ നഴ്സായ ഭാര്യ അശ്വതി കഴിഞ്ഞ നവംബർ അഞ്ചിനു രണ്ടര ലക്ഷം രൂപയുടെ ചെക്കു നൽകിയും കബളിപ്പിച്ചു.
തുടർന്ന് അധ്യാപകൻ കേസ് നൽകാൻ വീണ്ടും തുനിഞ്ഞപ്പോൾ സഹകരണ ബാങ്കിലെ ചെക്ക് നൽകിയെങ്കിലും പണം ലഭിച്ചില്ല.തുടർന്നാണ് അധ്യാപകൻ എസ്പിക്കു പരാതി നൽകിയത്.ബ്രഹ്മമംഗലം സ്വദേശി, ശാരീരികന്യൂനതയുള്ള സജോ മാത്യുവിൽനിന്ന് ഒരു ലക്ഷത്തി പതിനായിരം രൂപാ വൈകല്യം ഉള്ളവരുടെ പട്ടികയിൽപ്പെടുത്തി ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ചു തട്ടിപ്പു നടത്തിയതിന്റെ കേസും കുമരകം പോലീസി സ്റ്റേഷനിൽ നിലവിലുണ്ട്. ആലപ്പുഴ സ്വദേശിയിൽനിന്നും രണ്ട് ലക്ഷം രൂപാ ഇതേരീതിയിൽ നേരത്തെ കൈക്കലാക്കിയിരുന്നു.