ആലപ്പുഴ: സ്വകാര്യ സ്ഥാപനത്തിൽ നിന്ന് അരക്കോടിയിലധികം രൂപ തട്ടിപ്പ് നടത്തിയ ദന്പതികളായ ജീവനക്കാരിൽ ഭാര്യ പോലീസിനു കീഴടങ്ങി. ഭർത്താവ് വിദേശത്ത് ഒളിവിൽ പോയി. ആലപ്പുഴ പൂന്തോപ്പ് വാർഡിൽ പുതുംപള്ളി വീട്ടിൽ നിമ്മി ആന്റണി (34), ഇവരുടെ ഭർത്താവ് ആന്റണി റൈനോൾഡ് (43) എന്നിവരാണ് തട്ടിപ്പു നടത്തി ഒളിവിൽ പോയത്.
ആലപ്പുഴ കവിത ഐടിസി ഉടമ സംഗീത് ചക്രപാണിയുടെ ഭാര്യ പ്രീതാ സംഗീത് നൽകിയ പരാതിയെത്തുടർന്നാണ് ആലപ്പുഴ നോർത്ത് പോലീസ് കേസെടുത്തത്. കവിത ഐടിസിലെ കാഷ്യർ ആയിരുന്നു നിമ്മി. അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ആന്റണി റൈനോൾഡ്. 2014 ഏപ്രിൽ 21 മുതൽ 2016 ജൂണ് മൂന്നുവരെയുള്ള കാലയളവിൽ ഇരുവരും ചേർന്ന് 52 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടത്തിയത്.
കാഷ് ബുക്ക്, രജിസ്റ്റർ, ഫീസ് ബുക്ക്, രസീത് ബുക്ക് എന്നിവയിലാണ് കൃതൃമം കാണിച്ച് വിശ്വാസവഞ്ചന നടത്തിയതായി അന്വേഷണ റിപ്പോർട്ട്. ക്രൈംബ്രാഞ്ചിനു നൽകിയ പരാതി നോർത്ത് പോലീസിന് കൈമാറിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
പ്രതികൾ ആദ്യം ആലപ്പുഴ സെഷൻസ്, ജില്ലാ കോടതികളിൽ നല്കിയ മുൻകൂർ ജാമ്യാപേക്ഷേ തള്ളിയിരുന്നു. പിന്നീട് ഹൈക്കോടതിയെ സമീപിച്ച പ്രതികളുടെ ജാമ്യാപേക്ഷ നിരസിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥൻ മുന്പാകെ പത്തു ദിവസത്തിനുള്ളിൽ ഹാജരാകൻ ഏപ്രിൽ അഞ്ചിന് ഉത്തരവിട്ടു. ഇന്നലെ നിമ്മി ആന്റണി നോർത്ത് പോലീസിൽ കീഴടങ്ങുകയായിരുന്നു. രണ്ടാംപ്രതി ആന്റണി റൈനോൾഡ് വിദേശത്താണെന്ന് നോർത്ത് സിഐ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.