ആലുവ: സ്ഥലവും കെട്ടിടവും വാഗ്ദാനം നൽകി സാന്പത്തിക തട്ടിപ്പു നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പഞ്ചായത്തംഗത്തിനും ഭാര്യയ്ക്കുമെതിരേ കൂടുതൽ തെളിവുകളുമായി പോലീസ്. തട്ടിപ്പിൽ ഭാര്യയുടെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ ഇവരെ ഉടൻ കസ്റ്റഡിയിലെടുക്കാനാണ് ആലുവ ഈസ്റ്റ് പോലീസിന്റെ നീക്കം.
91 ലക്ഷം രൂപയുടെ സാന്പത്തിക തട്ടിപ്പു നടത്തിയ കേസിൽ ചൂർണിക്കര ഗ്രാമപഞ്ചായത്ത് അംഗം തായിക്കാട്ടുകര പരിയാരത്ത് പി.കെ. യൂസഫ് മുൻ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് കൂടിയായിരുന്ന ഭാര്യ സുബൈദ യൂസഫ് എന്നിവർക്കെതിരെയാണ് പരാതി. ആലുവ സ്വദേശി അഞ്ജു ഹംസയും കൊല്ലം സ്വദേശി ഷാനവാസും നൽകിയ പരാതി പ്രകാരം അറസ്റ്റ് ചെയ്ത യൂസഫ് ഇപ്പോൾ റിമാൻഡിലാണ്.
കന്പനിപ്പടി ജംഗ്ഷനിലെ യൂസഫിന്റെ നാലു സെന്റ് സ്ഥലവും കെട്ടിടവും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ആധാരം പണയപ്പെടുത്തിയതിനെത്തുടർന്ന് ഈ വസ്തുവിന് ബാങ്ക് 91 ലക്ഷം രൂപബാധ്യതയുണ്ടായിരുന്നു. ഇതിനിടയിൽ സ്ഥലവും കെട്ടിടവും വിൽക്കാൻ 1.61 കോടി രൂപയ്ക്ക് പരാതിക്കാരുമായി യൂസഫ് കരാറുണ്ടാക്കി. ബാങ്കിലെ ബാധ്യതകൾ തീർക്കാൻ 91 ലക്ഷം രൂപ നൽകിയതിനെത്തുടർന്ന് ആധാരം തിരിച്ചെടുത്തെങ്കിലും വസ്തു കൈമാറാൻ യൂസഫ് തയാറാകാത്തതിനാൽ വിദേശ മലയാളികളായ പരാതിക്കാർ പോലീസിനെ സമീപിക്കുകയായിരുന്നു.
തട്ടിയെടുത്ത തുകയിൽ 52 ലക്ഷം രൂപ ഭാര്യ സുബൈദയുടെ ബാങ്ക് അക്കൗണ്ട് മുഖേനയാണ് യൂസഫ് കൈപ്പറ്റിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതു പ്രകാരമാണ് സുബൈദയും കേസിൽ ഉൾപ്പെടുന്നത്. യൂസഫും സുബൈദയും നേരത്തെ കോണ്ഗ്രസ് പ്രവർത്തകരായിരുന്നു. പാർട്ടി പ്രതിനിധിയായിട്ടാണ് സുബൈദ കഴിഞ്ഞ തവണ പഞ്ചായത്ത് അംഗമായത്.
വാർഡ് ജനറലായതോടെ സീറ്റിനുവേണ്ടി യൂസഫ് രംഗത്തുവരികയായിരുന്നു. കോണ്ഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് സിപിഎമ്മിൽ ചേർന്നാണ് യൂസഫ് പഞ്ചായത്ത് അംഗമായത്. കേസിൽ ഏറെ രാഷ്ട്രീയ സമ്മർദമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ 29ന് വീടുവളഞ്ഞ് പോലീസ് യൂസഫിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സുബൈദയുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന. ഇതിനിടയിൽ യൂസഫ് പഞ്ചായത്ത് അംഗത്വം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോണ്ഗ്രസ് ശക്തമായ പ്രക്ഷോഭവുമായി രംഗത്തിയിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റിനെയാണ് യൂസഫ് പരാജയപ്പെടുത്തിയത്. പരാതികൾ പതിവായതോടെ യൂസഫ് സിപിഎമ്മിനും തലവേദനയായിരിക്കുകയാണ്.