തൊടുപുഴ: നിരവധി സാന്പത്തിക തട്ടിപ്പു കേസുകൾ നടത്തി പോലീസിന്റെ പിടിയിൽപെടാതെ മുങ്ങി നടന്ന പ്രതിയെ കാളിയാർ പോലീസ് പിടികൂടിയത് ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ.
അങ്കമാലി കിടങ്ങൂർ പാറേക്കാട്ടിൽ പീറ്റർ (47) ആണ് 10 വർഷത്തിനു ശേഷം കാളിയാർ പോലീസിന്റെ പിടിയിലായത്. ഇയാൾ അങ്കമാലിയിലെ വീട്ടിലെത്തുന്ന വിവരമറിഞ്ഞ് പോലീസ് വീടു വളഞ്ഞാണ് പ്രതിയെ പിടികൂടിയത്.
അങ്കമാലി കേന്ദ്രമാക്കി രാജശ്രീ ചിട്ടിഫണ്ട് എന്ന പേരിൽ പണമിടപാട് സ്ഥാപനം നടത്തി പലരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നു. ബന്ധുക്കളും നാട്ടുകാരുമുൾപ്പെടെ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ട്.
പണം തട്ടിപ്പു കേസിൽ 2010 മുതൽ കാളിയാർ പോലീസ് സ്റ്റേഷനിൽ മാത്രം ഇയാളുടെ പേരിൽ 12 കേസുകൾ നിലവിലുണ്ട്. ചാലക്കുടി, അങ്കമാലി, വൈക്കം, തൊടുപുഴ തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാളുടെ പേരിൽ 32 കേസുകളുണ്ട്.
നേരത്തെ പോലീസ് പിടിയിലായ പ്രതി പിന്നീട് ജാമ്യമെടുത്ത് ഒളിവിൽ പോകുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതി ഇടക്കിടെ നാട്ടിൽ വന്നു പോകുന്നതായും പോലീസിനു വിവരം ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം ജില്ലാ പോലീസ് മേധാവി പി.കെ.മധുവിന് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ കാളിയാർ സിഐ പി. പങ്കജാക്ഷന്റെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ അങ്കമാലിയിലുള്ള വീട്ടിൽ നിന്നും പ്രതിയെ പിടി കൂടുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്ഐ മാരായ തൃദീപ്, , ചന്ദ്രൻ, ഇബ്രാഹിം, എഎസ്ഐ വിജേഷ്, സിപിഒമാരായ മനു , സന്ദീപ്, വനിത സിവിൽ പോലീസ് ഓഫീസർ ഫ്രീഡ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.