തളിപ്പറമ്പ്: ഐഎഎസുകാരന് ചമഞ്ഞു ജോലി വാങ്ങിത്തരാമെന്ന പേരില്‍ തട്ടിപ്പ് നടത്തിയ കേസിൽ ഗുരുവായൂരില്‍ അറസ്റ്റിലായ പാലക്കാട് മണ്ണമ്പറ്റയിലെ എന്‍.വി.പ്രശാന്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 12 പേരില്‍ നിന്നും പണം തട്ടിയെടുത്തതായി വ്യക്തമായി. കൂടുതലും പാലക്കാട് ജില്ലയിലാണു തട്ടിപ്പ് നടത്തിയതെന്നു പോലീസ് പറഞ്ഞു.
എന്നാല്‍ തളിപ്പറമ്പ് കടമ്പേരി സ്വദേശികളെ പറ്റിച്ച സംഭവത്തില്‍ മാത്രമാണു രേഖാമൂലം പരാതി ലഭിച്ചത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ടാണു കടമ്പേരി സ്വദേശികളായ രണ്ടുപേരില്‍ നിന്ന് എയര്‍ഇന്ത്യയില്‍ ജോലിവാഗ്ദാനം ചെയ്തു 3.75 ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തില്‍ എന്‍.വി.പ്രശാന്തിനെ (33) തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ കെ.ദിനേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.
ബക്കളം കടമ്പേരിയിലെ ഉത്രം വില്ലയില്‍ എം.ജിതിന്, സുഹൃത്ത് ശ്രീഹരി പ്രേമരാജ് എന്നിവരുടെ പരാതിയിലായിരുന്നു അറസ്റ്റ്. 2016 ഓഗസ്റ്റ് മാസത്തിലാണു ജിതിന് ഫേസ്ബുക്ക് വഴി പ്രശാന്തിനെ പരിചയപ്പെടുന്നത്. ഐഎഎസ്കാരനാണെന്നും ചെന്നൈയില്‍ ഡെപ്യൂട്ടി കളക്ടറായി ജോലിചെയ്യുകയാണെന്നുമാണു ജിതിനെ വിശ്വസിപ്പിച്ചത്.
ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും നിരന്തരം ബന്ധപ്പെട്ട ഇരുവരും തമ്മില്‍ അടുത്ത സുഹൃത്തുക്കളായിമാറി. ഉന്നതന്മാരുമായി അടുത്ത ബന്ധമുണ്ടെന്നു ജിതിനെ തെറ്റിദ്ധരിപ്പിച്ചാണ് എയര്‍ ഇന്ത്യയില്‍ ജോലി വാങ്ങിച്ചുതരാമെന്നു വിശ്വസിപ്പിച്ചു പണം വാങ്ങിയത്. ശ്രീഹരിയില്‍ നിന്നു 2.25 ലക്ഷവും ജിതിനോടു 1,50,399 രൂപയുമാണു വാങ്ങിയത്.
ഇരുവരും ധര്‍മശാല സിൻഡിക്കേറ്റ് ബാങ്ക് വഴി പ്രശാന്തിന്റെ അക്കൗണ്ടിലേക്കു പണം അയച്ചുകൊടുക്കുകയായിരുന്നു. എന്നാല്‍ പണം വാങ്ങിയശേഷം പ്രശാന്ത് ഇരുവരുമായും ബന്ധപ്പെടാതിരുന്നതോടെ സംശയം തോന്നി ചെന്നൈയില്‍ നടത്തിയ അന്വേഷണത്തിലാണു തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി ഇവര്‍ക്കു ബോധ്യമായത്. ഇന്നലെ രാത്രി ഗുരുവായൂരില്‍ നിന്നു തളിപ്പറമ്പിലെത്തിച്ച പ്രതിയെ വൈകുന്നേരം കോടതിയില്‍ ഹാജരാക്കും.