കോട്ടയം: ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി വയോധികയെ മയക്കി സ്വർണവും പണവും തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ കാണക്കാരി മഴുവനാക്കുന്നേൽ സനലിന്റെ ഭാര്യ പ്രവീണ (24) പഠിച്ച കള്ളിയെന്ന് പോലീസ്. റിമാൻഡിലായ ഇവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് കേസ് അന്വേഷിക്കുന്ന ഏറ്റുമാനൂർ സിഐ എ.ജെ.തോമസ് വ്യക്തമാക്കി.
കാണക്കാരി, കടുത്തുരുത്തി എന്നിവിടങ്ങളിൽ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. വയോധികയെ മയക്കാൻ ഉപയോഗിച്ച ഗുളിക എന്താണെന്ന് ഇതുവരെ കണ്ടെത്താനായില്ല. പ്രതിയെ വീണ്ടും ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്.
അതിരന്പുഴ പടിഞ്ഞാറ്റുംഭാഗം കോട്ടമുറി പണ്ടാരക്കളം ജോസഫിന്റെ ഭാര്യ അമ്മിണി ജോസഫിന്റെ (85) മാലയം പണവുമാണ് ഇവർ മോഷ്ടിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 13 നായിരുന്നു കേസിനാസ്പദമായ സംഭവം. അയൽവാസിയുടെ വീട്ടിൽ ജോലി്ക്ക് എത്തിയതാണെന്നു പരിചയപ്പെടുത്തിയെത്തിയ യുവതി അമ്മിണിയുടെ വീട്ടിൽ എത്തി കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു.
പിന്നീട് യുവതി വീടിനുള്ളിലേയ്ക്ക് കയറിവയോധികയെ സംസാരത്തിലൂടെ വീഴ്ത്തി അകത്തു കടന്നു. വീട്ടുജോലിയിൽ അമ്മിണിയെ സാഹയിച്ച ശേഷം മയക്കു ഗുളിക കലർത്തിയ ഭക്ഷണം നൽകി. ഇതിനു ശേഷം അമ്മിണി അബോധാവസ്ഥയിലാകുകയായിരുന്നു.
പുറത്തുപോയ മക്കൾ തിരികെ വരുന്പോഴാണ് അമ്മിണിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മിണിക്ക് മൂന്നു ദിവസം കഴിഞ്ഞാണ് ബോധം തിരിച്ചുകിട്ടിയത്. അപ്പോഴാണ് തട്ടിപ്പിന്റെ വിവരം മക്കൾ അറിഞ്ഞത്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിരുന്നില്ല.
കാണക്കാരി ഭാഗത്തും ഇതുപോലെ സമാനമായ തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ച പോലീസ് അന്വേഷണത്തിലാണ് പ്രതി പ്രവീണയെക്കുറിച്ച് സൂചന ലഭിച്ചത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഏറ്റുമാനൂർ സിഐ സി.ഐ എ.ജെ. തോമസ്, എസ്ഐ കെ.ആർ പ്രശാന്ത്കുമാർ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ പ്രമോദ്, പി.എൻ. മനോജ്, സിവിൽ പോലീസ് ഓഫീസർ ബിജു പി.നായർ, വനിതാ സിവിൽ പോലീസുകാരായ ബീനാമ്മ, ബിന്ദു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.