കൊച്ചി: ജോലി വാഗ്ദാനം ചെയ്തു സാന്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ദന്പതികൾ അറസ്റ്റിൽ. തിരുവനന്തപുരം നേമം മുക്കുനട ശാന്തിവിള ആശുപത്രിക്കു സമീപത്തെ രജനി നിവാസിൽ ശങ്കർ, ഭാര്യ രേഷ്മ എന്നിവരാണു സെൻട്രൽ പോലീസിന്റെ പിടിയിലായത്.
എറണാകുളം എംജി റോഡിലെ ആലപ്പാട്ട് ഹെറിറ്റേജ് എന്ന കെട്ടിടത്തിൽ കണ്‍സെപ്റ്റീവ് എന്നപേരിൽ സ്ഥാപനം തുടങ്ങി ജോലി വാഗ്ദാനം ചെയ്ത് ഒഎൽഎക്സിൽ പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്.എറണാകുളം ജില്ലയിലെ വിവിധ എൻജിനീയറിംഗ് കോളജുകളിൽ കാന്പസ് ഇന്റർവ്യൂ നടത്തി ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നു 1000 രൂപ വീതം തട്ടിയെടുക്കുകയായിരുന്നു. പ്രതികൾ വ്യാജ പേരിലാണ് തട്ടിപ്പ് നടത്തിയിരുന്നത്.
കൂത്താട്ടുകുളത്തു 38 പേരിൽനിന്നും ഇടത്തലയിൽ 50 പേരിൽനിന്നും ആരക്കുന്നത്ത് 64 പേരിൽനിന്നും 1000 രൂപ വീതം പ്രതികൾ വാങ്ങി.ജോലിക്കായി ഓണ്‍ ലൈൻ ആക്കൗണ്ട് തുടങ്ങാനാണെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഇത്തരത്തിൽ പണം വാങ്ങി ഒളിവിൽ പോകുകയായിരുന്നു.
പ്രതികൾ തമ്മനത്തു സമാനരീതിയിലുള്ള തട്ടിപ്പിനു ശ്രമം നടത്തുന്നതിനിടയിലാണ് സെൻട്രൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുനുമോനും സംഘവും പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി. ഒന്നാം പ്രതി ശങ്കറിനെ കോടതി റിമാൻഡ് ചെയ്തു.