കോട്ടയം: ജോലി വാഗ്ദാനം ചെയ്തു യുവതിയിൽനിന്നും പണംതട്ടിയ ’ഡോക്ടർ റിതേഷി’നെതിരേ നിരവധി പരാതികൾ. സിനിമ, സർക്കാർ ഉന്നത ഉദ്യോഗസ്ഥർ, രാഷ്്ട്രീയക്കാർ, ഡോക്ടർമാർ തുടങ്ങിയവരുമായി നല്ലബന്ധമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചു പണംതട്ടിയ കേസിൽ കിടങ്ങൂർ മംഗലത്തുകുഴി എം.എ. രതീഷിനെയാണു അറസ്റ്റുചെയ്തത്.
നിരവധി വ്യക്തികളിൽനിന്നും 50 ലക്ഷം രൂപ വ്യാജഡോക്ടർ തട്ടിയെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി. പനച്ചിക്കാട് പഞ്ചായത്തിൽ ജോലി വാഗ്ദാനം ചെയ്തു രതീഷിന്റെ സഹപാഠിയായ വീട്ടമ്മയിൽനിന്നും എട്ടു ലക്ഷം രൂപ തട്ടിപ്പു നടത്തിയ കേസിലാണ് അറസ്റ്റ്. ഒരു കോടി രൂപ ലോട്ടറി അടിച്ച വ്യക്തിയിൽനിന്നും 18 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിൽ ഏറ്റുമാനൂർ പോലീസ് രതീഷിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ കാർഡിയോ തൊറാസിക് സർജനാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ഉന്നതരായ രാഷ്ട്രീയ നേതാക്കന്മാരോടും ഉയർന്ന ഉദ്യോഗസ്ഥരോടും പരിചയം ഉണ്ടെന്നു കളവായി പറഞ്ഞു വിശ്വസിപ്പിച്ചാണു തട്ടിപ്പ് നടത്തിപ്പോന്നത്.
ഗാന്ധിനഗർ പോലിസ് സ്റ്റേഷൻ പരിധിയിൽ നഴ്സിംഗ് ജോലി തരപ്പെടുത്താമെന്നു പറഞ്ഞ് ഒരു വീട്ടമ്മയിൽ നിന്നും ഏഴു ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ട്. കറുകച്ചാൽ പോലിസ് സ്റ്റേഷൻ പരിധിയിൽ സേനയിൽ ജോലി വാങ്ങി നൽകാമെന്നു പറഞ്ഞ് യുവാവിൽനിന്നും ഇരുപത് ലക്ഷം രൂപ തട്ടിച്ചു.
മുണ്ടക്കയം സ്വദേശിയായ യുവാവിനു നഴ്സിംഗ് ജോലി തരപ്പെടുത്താമെന്നു പറഞ്ഞ് ഏഴു ലക്ഷം രൂപ തട്ടിയെടുത്തകേസിലും പ്രതിയാണ്. കിടങ്ങൂർ സ്വദേശികളായ രണ്ടു പേരിൽനിന്നും നഴ്സിംഗ് ജോലി തരപ്പെടുത്താമെന്നു പറഞ്ഞ് മൂന്നു ലക്ഷം രൂപ വീതം തട്ടിയെടുത്തു.
കാറുകൾ വാടകയ്ക്ക് എടുത്ത് ഡോക്ടറുടെ സ്റ്റിക്കർ ഒട്ടിച്ചു സ്റ്റെതസ്കോപ്പുമായാണ് ഇയാൾ പലപ്പോഴും സഞ്ചരിച്ചിരുന്നത്. സിനിമാ മേഖലയിലെ പലരുമായും ഇയാൾ ഡോക്ടർ എന്ന വ്യാജേന അടുപ്പം സ്ഥാപിച്ചിരുന്നു. പോലിസ് അന്വേഷിക്കുന്നുണ്ടെന്നു മനസിലാക്കി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഒരാഴ്ചയായി നടത്തിയ അന്വേഷണത്തിന്റെ ഫലമായാണു കണ്ടെത്തിയത്.