സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയുടെ പേരിൽ വ്യാജ സന്ദേശമയച്ച് അധ്യാപികയിൽ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയക്കാരനെ ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നൈജീരിയൻ സ്വദേശിയായ റൊമാനസ് ക്ലീബൂസിനെ ഡൽഹിലെ ഉത്തംനഗറിൽ നിന്നു കസ്റ്റഡിയിൽ എടുത്തത്.
ഇയാളെ ഇന്നു രാത്രിയോ നാളെയോ തിരുവനന്തപുരത്ത് എത്തിക്കും. കൊല്ലം കുണ്ടറ സ്വദേശിനിയായ അധ്യാപികയിൽ നിന്നാണ് ഓണ്‍ലൈൻ ലോട്ടറി നികുതിയുടെ പേരിൽ പണം തട്ടിയെടുത്തത്.
ഓണ്‍ലൈൻ ലോട്ടറിയെടുക്കുന്ന പതിവുള്ള അധ്യാപികയ്ക്ക് ലോട്ടറിയടിച്ചെന്നും അതിന്റെ നികുതിയായി 14 ലക്ഷം രൂപ അടച്ചില്ലെങ്കിൽ കേസെടുക്കുമെന്നുമായിരുന്നു വാട്സ് ആപ് വഴി ഡിജിപി അന്തിൽ കാന്തിന്റെ പേരിൽ സന്ദേശം ലഭിച്ചത്.
താൻ ഡൽഹിയിലാണെന്നും തിരുവനന്തപുരത്ത് എത്തുന്നതിന് മുന്‍പ് നികുതിയടയ്ക്കണമെന്നും സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു.
ഇതേത്തുടർന്ന് അധ്യാപിക പോലീസ് ആസ്ഥാനത്തേക്ക് വിളിച്ച് അന്വേഷിച്ചപ്പോൾ പോലീസ മേധാവി ഡൽഹിയിലാണെന്ന മറുപടിയാണ് ലഭിച്ചത്.
ഇതോടെ സന്ദേശം ആധികാരികമാണെന്ന് അധ്യാപിക വിശ്വസിക്കുകയും ചെയ്തു. തുടർന്ന് സന്ദേശത്തിൽ പറഞ്ഞ അക്കൗണ്ട് നന്പറിലേക്കുപ പണം കൈമാറി.
പിന്നീട് കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെ അധ്യാപിക പോലീസിൽ പരാതി നൽകി. പണം നഷ്ടമായ സംഭവത്തിൽ കൊല്ലം റൂറൽ പോലീസും പോലീസ് മേധാവിയുടെ പേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കി സന്ദേശം അയച്ചതിന് സൈബർ പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തു.
അധ്യാപികയ്ക്ക് സന്ദേശം ലഭിച്ച നന്പർ പരിശോധിച്ചാണ് സൈബർ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ ഡൽഹിയിലെത്തിയത്. ഇയാൾ നടത്തിയ മറ്റു തട്ടിപ്പുകളെക്കുറിച്ചും പോലീസ് അന്വേഷിക്കും.