ചങ്ങനാശേരി: ദുബായിൽ ജോലി വാഗ്ദാനംചെയ്തു പണതട്ടിപ്പു നടത്തിയ കേസിൽ വീട്ടമ്മ അറസ്റ്റിലായി. കാസർഗോഡ് ചിറ്റാരിക്കൽ പുതിയപറന്പിൽ റോസ്ലി ബേബി (54) ആണ് അറസ്റ്റിലായത്. മാമ്മൂട് സ്വദേശി ഡൊമിനിക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ തൃക്കൊടിത്താനം പോലീസ് അറസ്റ്റുചെയ്തത്.
ഡൊമിനിക്കിന്റെ മക്കൾക്കു ദുബായിൽ സ്റ്റാഫ് നേഴ്സായി ജോലി നൽകാമെന്നുപറഞ്ഞ് നാലുലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു എന്നു പോലീസിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റുചെയ്തത്. ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നിർദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി സുരേഷ് കുമാർ, തൃക്കൊടിത്താനം എസ്ഐ റിച്ചാർഡ് വർഗീസ്, അഡീഷണൽ എസ്ഐ ചന്ദ്രബാബു, എഎസ്ഐ മധുസൂദനൻ, വനിതാ പോലീസുകാരി അഭിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: റോസിലിയുടെ മകൾ അഞ്ജു കുറെ നാളുകളായി ദുബായിൽ നഴ്സാണ്. അഞ്ജുവാണു ദുബായിൽ ജോലി തരപ്പെടുത്തി നൽകാമെന്നുപറഞ്ഞു പലരോടായി പണം വാങ്ങിയത്. പണം നഷ്ടപ്പെട്ട പലരും വിവിധ പോലീസ്സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടുണ്ട്. അഞ്ജുവിന്റെ നിർദേശപ്രകാരം ലഭിക്കുന്ന പണം റോസ്ലിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണു നിക്ഷേപിച്ചിരുന്നത്. വിദേശത്തുനിന്നു നാട്ടിലെത്തിയ അഞ്ജു ഒളിവിൽ കഴിയുകയാണെന്നു പോലീസ് പറഞ്ഞു.