ചാലക്കുടി: പുതുക്കാട് സ്വകാര്യ ആശുപത്രിയിൽനിന്ന് ബില്ലിൽ കൃത്രിമം കാണിച്ചും ജീവനക്കാരെ കബളിപ്പിച്ചും പത്തു ലക്ഷത്തോളം രൂപയുടെ തട്ടിപ്പു നടത്തി കടന്നുകളഞ്ഞ മുൻ ജീവനക്കാരൻ അറസ്റ്റിലായി. കോഴിക്കോട് അഴിയൂർ കാരപ്പറന്പ് സ്വദേശി ചള്ളവീട്ടിൽ സനീഷിനെ (36) ആണു ചാലക്കുടി ഡിവൈഎസ്പി കെ. ലാൽജിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ആശുപത്രിയിലെ ബില്ലിംഗ് വിഭാഗം മേധാവിയായി ഒരു വർഷം മുന്പാണ് ഇയാൾ ചുമതലയേറ്റത്. മാനേജ്മെന്റിന്റെ വിശ്വസ്തനായി മാറിയ ഇയാൾ രോഗികൾ പണമടയ്ക്കുന്ന ബില്ലുകളിൽ കൃത്രിമം കിട്ടിയാണു പലപ്പോഴായി ലക്ഷക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിയത്. എന്നാൽ തട്ടിപ്പ് മാനേജ്മെന്റിന്റെ ശ്രദ്ധയിൽപെടാതിരുന്നതിനാൽ തട്ടിപ്പ് തുടർന്നുവരികയായിരുന്നു. വർഷാവസാന ഓഡിറ്റിംഗിൽ കൃത്രിമം കണ്ടെത്തിയപ്പോഴേക്കും വിദേശത്ത് ജോലി ശരിയായെന്നു പറഞ്ഞ് ഇയാൾ ജോലി രാജിവച്ചു പോയിരുന്നു.
പുതുക്കാട് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും സുനീഷിനെ കണ്ടെത്താനായില്ല. തുടർന്ന് ഡിവൈഎസ്പി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സനീഷിനെ പിടികൂടിയത്. പാലക്കാട് കണ്ണന്നൂരിൽ ഒരു സൂപ്പർ മാർക്കറ്റിന്റെ മാനേജരായാണു സനീഷ് ഒളിവിൽ കഴിഞ്ഞിരുന്നത്.
അരി മൊത്തവ്യാപാരികൾ എന്ന രീതിയിൽ സൂപ്പർ മാർക്കറ്റ് ഉടമയുമായി ബന്ധം സ്ഥാപിച്ചാണ് പ്രതിയെ പിടികൂടിയത്. കുഴൽമന്ദത്ത് വാടകയ്ക്കു താമസിക്കുന്ന വിലാസമാണ് ഇയാൾ നൽകിയത്. തന്റെ മാതാവിനു കാൻസറാണെന്നും കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഇതിനു ലക്ഷക്കണക്കിനു രൂപ ചെലവാണെന്നും വിശ്വസിപ്പിച്ച് പലരിൽനിന്നും ഇയാൾ പണവും ആഭരണങ്ങളും വായ്പയായി കൈക്കലാക്കിയിരുന്നു.
കൂടാതെ ആശുപത്രിയിലെ ജീവനക്കാരിൽ ഒരാൾക്കു വിദേശജോലിക്കുവേണ്ടി ഡോക്ടറുടെ വ്യാജ ഒപ്പിട്ട് പ്രവർത്തി പരിചയ സർട്ടിഫിക്കറ്റും നൽകിയതായി കണ്ടെത്തി. പുതുക്കാട് സിഐ സി.ജെ. മാർട്ടിൻ, എസ്ഐ മണികണ്ഠൻ, എഎസ്ഐ ജോഫി ജോസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, പി.എം. മൂസ, എ.യു.റെജി, ഷിജോ തോമസ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.