തൊടുപുഴ: വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവതി യുവാക്കളിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ തൊടുപുഴ പോലീസിന്റെ പിടിയിലായ പ്രതി ഒട്ടേറെ വൻ തട്ടിപ്പുകൾ നടത്തിയിരുന്നതായി പോലീസിനു സൂചന ലഭിച്ചു. അന്തർ സംസ്ഥാന ബന്ധങ്ങളുള്ള ഇയാൾ കോടികളുടെ തട്ടിപ്പുകൾ ഇയാൾ നടത്തിയിരുന്നെന്നാണ് പ്രാഥമിക വിവരം.
തൊടുപുഴയിലെ ലോട്ടറി വിൽപ്പനക്കാരിയിൽ നിന്നും പണവും സ്വർണവും അടങ്ങിയ ബാഗ് തട്ടിയെടുത്ത കേസിലാണ് കൊട്ടാരക്കര സ്വദേശിയായ തിരുവനന്തപുരം പിടിപി നഗർ ടി/സി-6/1840 പ്ലോട്ട് നന്പർ 26-ൽ സജ്നാമൻസിലിൽ വിനോദ് എന്നു വിളിക്കുന്ന സനീഷ് (40) കഴിഞ്ഞ ദിവസം പിടിയിലായത്. എന്നാൽ പ്രതിയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് അന്തർ സംസ്ഥാന തട്ടിപ്പു വിവരങ്ങൾ പുറത്താകുന്നത്.
തൊടുപുഴ ഡിവൈഎസ്പി കെ.പി. ജോസിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ മാസം 18-നാണ് ലോട്ടറി വിൽപ്പനക്കാരിയുടെ പണവും സ്വർണവും അടങ്ങിയ ബാഗ് ഇയാൾ കവർന്നത്. പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ സഞ്ചരിച്ചിരുന്ന കാർ നഗരത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ചിരുന്നു.
തുടർന്ന് വാഹന നന്പർ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ഫോണ് നന്പർ ലഭിച്ചെങ്കിലും പ്രവർത്തന രഹിതമായിരുന്നു. തുടർന്ന് ഇയാളുടെ ഭാര്യയുടെ നന്പർ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് തൊടുപുഴ ടൗണിൽ നിന്നും പ്രതിയെ പിടി കൂടിയത്. തിരുവനന്തപുരം പാങ്ങോട് കേന്ദ്രീകരിച്ച് വ്യാജമായി മിലിട്ടറി റിക്രൂട്ട്മെന്റ് നടത്തി 28-ഓളം ഉദ്യോഗാർഥികളിൽ നിന്നും 35 ലക്ഷത്തോളം രൂപ പ്രതി തട്ടിയെടുത്തിരുന്നു.
പാങ്ങോട് സൈനിക ക്യാന്പിനു സമീപം റിക്രൂട്ട്മെന്റ് ഓഫീസ് തുറന്ന് ആർമിയിലെ ഉദ്യോഗസ്ഥൻ ചമഞ്ഞാണ് ഉദ്യോഗാർഥികളിൽ നിന്നും പണം തട്ടിയെടുത്തത്. ഈ കേസിൽ തിരുവനന്തപുരം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്. സമാനമായ തട്ടിപ്പു കേസിൽ തമിഴ്നാടു പോലീസും ഇയാൾക്കെതിരെ അന്വേഷണം നടത്തി വരുന്നുണ്ട്. വിദേശ ജോലി വാഗദാനം ചെയ്തും പണം തട്ടിയെടുത്തതായി പരാതിയുണ്ട്.
വാചാലമായി സംസാരിക്കുന്ന പ്രതി യുവതികളെ വശീകരിച്ച് പണവും സ്വർണവും തട്ടിയെടുത്തതായും പരാതിയുണ്ട്. കസ്റ്റഡിയിലെടുത്ത ഇയാളുടെ വാഹനത്തിൽ നിന്നും തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ഒട്ടേറെ രേഖകളും പിടിച്ചെടുത്തു. നിരവധി എടിഎം കാർഡുകൾ, മുദ്രപ്പത്രങ്ങൾ, എഗ്രിമെന്റുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. തിരുവനന്തപുരത്ത് നിന്നും മുങ്ങിയതിനു ശേഷം തൊടുപുഴ മുതലക്കോടത്തിനു സമീപം പത്തു സെന്റ് സ്ഥലം വാങ്ങി താമസിച്ചു വരികയായിരുന്നു.
ഒന്നിൽ കൂടുതൽ വിവാഹം കഴിച്ച പ്രതി വണ്ടിപ്പെരിയാർ സ്വദേശിനിയോടൊപ്പമാണ് തൊടുപുഴയിൽ താമസം. പ്രതി പിടിയിലായതറിഞ്ഞ് വിവിധ സ്റ്റേഷനുകളിൽ നിന്നും ഇയാളുടെ കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണമെത്തുന്നുണ്ട്. കൂടുതൽ പേർ പരാതികളുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്.
തൊടുപുഴ സിഐ സജീവ് ചെറിയാൻ, എസ്ഐ എം.പി.സാഗർ, വനിത എസ്ഐ ലില്ലി, എഎസ്ഐ സിബി, സിപിഒമാരായ ഷംസ്, ഹരീഷ്, സനൂപ് , അഖിൽ വിനായക് എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.