കൊച്ചി: ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ പേരിൽ പണം തട്ടിപ്പ് നടത്തിയ സംഭവത്തിൽ പോലീസ് പിടിയിലായ പ്രതി നയിച്ചിരുന്നത് ആഡംബര ജീവിതം. പലരിൽനിന്നും തട്ടിയെടുത്ത പണം ഉപയോഗിച്ചാണു പ്രതി ആഡംബര ജീവിതം നയിച്ചിരുന്നതെന്നാണു പോലീസ് നൽകുന്ന വിവരം.
കൂടുതൽ ആളുകളിൽനിന്നു ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ പേര് പറഞ്ഞ് ഇയാൾ തട്ടിപ്പ് നടത്തിയിട്ടുള്ളതായും വരും ദിവസങ്ങളിൽ ഇയാൾക്കെതിരേ പരാതികൾ ഉയരുമെന്നാണു കരുതുന്നതെന്നും പോലീസ് പറഞ്ഞു. കേസിൽ വടുതല ശാസ്ത്രി റോഡിൽ കതിരില്ലം സെന്തിൽ നാഥിനെയാണു (55) എറണാകുളം നോർത്ത് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കലൂർ സ്റ്റേഡിയത്തിനു സമീപം പ്രവർത്തിച്ചുവന്നിരുന്ന ജ്ഞാനം ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരയായ ഉമേഷ് ഉണ്ണിക്കൃഷ്ണൻ നന്പീശൻ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
പണം മുടക്കിയാൽ ലാഭ വിഹിതം നൽകാമെന്നും സ്ഥാപനത്തിന്റെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറാക്കാമെന്നു പറഞ്ഞായിരുന്നു പ്രതിയുടെ തട്ടിപ്പ്. 2014ൽ ഉമേഷിന്റെ പക്കൽനിന്ന് 43 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ചെങ്കിലും ലാഭവിഹിതമോ സ്ഥാപനത്തിന്റെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനമോ നൽകിയില്ലെന്നും പരാതിയിൽ പറയുന്നു. നോർത്ത് എസ്ഐ വിപിൻദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു പ്രതിയെ പിടികൂടിയത്.