കോഴഞ്ചേരി: സ്വകാര്യ ആവശ്യങ്ങൾക്കായി വാഹനങ്ങൾ വാടകയ്ക്കെടുത്ത ശേഷം പണയം വച്ച് പണം വാങ്ങി തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ.
കൊല്ലം മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മനയിൽ വീട്ടിൽ ഷാജഹാനാണ് (40) അറസ്റ്റിലായത്. കൊല്ലം സ്വദേശിയായ ഇയാൾ വർഷങ്ങളായി ആറന്മുളയിൽ വിവിധ സ്ഥലങ്ങളിൽ താമസിച്ചു കാറ്ററിംഗും തവണവ്യവസ്ഥയിൽ വ്യാപാരവും നടത്തിവരികയായിരുന്നു.
ഇതിന്റെ ആവശ്യങ്ങൾക്കായി വാഹനങ്ങൾ പരിചയക്കാരിൽ നിന്നും എടുത്ത ശേഷം കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ പണയം വച്ച് പൈസ വാങ്ങിക്കുകയായിരുന്നു. ഇത്തരത്തിൽ ആഡംബര വാഹനങ്ങൾ ഉൾപ്പെടെ അഞ്ചെണ്ണം പണയപ്പെടുത്തിയതായി പരാതികൾ ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ കഠിനംകുളത്ത് നിന്ന് പണയം വച്ച ഒരു വാഹനം പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തുന്നുണ്ട്.
പത്തനംതിട്ട ജില്ലാ പോലിസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദേശപ്രകാരം ഡിവൈഎസ്പി എം. സജീവൻ, ആറന്മുള ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്ഐ രാകേഷ് കുമാർ, അനിരുദ്ധൻ തുടങ്ങിയവർ അടങ്ങുന്ന സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.