പെരുന്പാവൂർ: ബ്യൂട്ടി പാർലറുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ യുവതിയെ റിമാൻഡ് ചെയ്തു. അരൂർ പുത്തൻവീട്ടിൽ ഷീബ സുരേഷി (45)നെയാണ് പെരുന്പാവൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ബ്യൂട്ടി പാർലറുകളിൽ തല മസാജ് ചെയ്യാനായെത്തുന്ന യുവതി മസാജ് ചെയ്യുന്നയാളുടെ കൈകളിലെ സ്വർണാഭരണങ്ങൾ അഴിച്ചുവയ്ക്കാൻ ആവശ്യപ്പെട്ടശേഷം ഈ സ്വർണാഭരണങ്ങൾ കൈക്കലാക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം 12ന് പെരുന്പാവൂർ പോലീസ് സ്റ്റേഷനു സമീപത്തുള്ള ബ്യൂട്ടി പാർലറിൽ ഇത്തരത്തിൽ ആഭരണങ്ങളും ജീവനക്കാരിയുടെ ബാഗും മോഷ്ടിച്ചിരുന്നു. ആഭരണങ്ങൾ നഷ്ടപ്പെട്ടതറിഞ്ഞ ജീവനക്കാരി യുവതിക്ക് പിന്നാലെ ഓടിയെത്തിയെങ്കിലും യുവതി ഓട്ടോറിക്ഷയിൽ കടന്നുകളയുകയായിരുന്നു.
പെരുന്പാവൂർ സ്റ്റേഷനിലെ സീനിയർ സിപിഒ ജയപ്രകാശിനെക്കൊണ്ട് പ്രതിയുടെ രേഖാചിത്രം വരപ്പിച്ച് കേരളത്തിലെ വിവിധ സ്റ്റേഷനുകളിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. എറണാകുളം സിറ്റി പോലീസ് സ്പെഷൽ സ്ക്വാഡ് പ്രതിയെക്കുറിച്ച് സൂചന നൽകിയതിന്റെ അടിസ്ഥാനത്തിൽ അരൂരിലെ വാടകവീട്ടിൽനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയുടെ വീട്ടിൽനിന്നുതന്നെ മോഷണമുതൽ പോലീസ് കണ്ടെടുത്തു.