കൊരട്ടി: മുരിങ്ങൂരിലും കറുകുറ്റിയിലും ഹോട്ടൽ ബിസിനസ് നടത്തുന്ന കൂടപ്പുഴ സ്വദേശി ശരവണകുമാറിന്റെ ഒരുലക്ഷം രൂപയുമായി മുങ്ങിയയാൾ പോലീസ് പിടിയിലായി. കൊടുങ്ങല്ലൂർ എറിയാട് കൊട്ടിക്കൽ പുത്തൻമാളിയേക്കൽ ഷിജു (46) വിനെയാണ് കൊരട്ടി എസ്ഐ കെ.എസ്.സുബീഷ്മോനും സംഘവും ചേർന്ന് അറസ്റ്റുചെയ്തത്.
തൃശൂരിലെ ഒരു ലോഡ്ജിൽ നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. ഒരാഴ്ച മുന്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹോട്ടൽ ജോലിക്കായി ശരവണകുമാറിനെ സമീപിച്ച് ജോലി നേടിയ ഷിജു ചുരുങ്ങിയ സമയം കൊണ്ട് ഹോട്ടലുടമയുടെ വിശ്വസ്തനായി മാറുകയായിരുന്നു.
ക്രമേണ ഹോട്ടലുകളിലേക്ക് പലചരക്കുകളും പച്ചക്കറികളും വളരെ കുറഞ്ഞ നിരക്കിൽ തമിഴ്നാട്ടിൽനിന്നും എത്തിച്ചുതരുന്ന ചേലക്കര സ്വദേശിയായ ഒരാളെ തനിക്കറിയാമെന്നും അയാളുടെ പക്കൽനിന്നു ഒരുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ വാങ്ങാമെന്നും ഇതിനു രണ്ടുലക്ഷത്തോളം രൂപയാണ് വിപണിയിലെ വിലയെന്നും മറ്റും ഹോട്ടലുടമയെ പറഞ്ഞ് വിശ്വസിപ്പിച്ച് ഷിജു ഉടമയോടൊപ്പം ചേലക്കരയിലേക്ക് പണവുമായി കറുകുറ്റിയിൽനിന്നും പുറപ്പെട്ടു ഇടയ്ക്ക് മുരിങ്ങൂരിലെ ഹോട്ടലിൽകയറിയ സമയത്താണ് ഷിജു പണവുമായി മുങ്ങിയത്.
ശരവണകുമാർ കൊരട്ടി പോലീസിൽ പരാതി നൽകി. ഇതേ തുടർന്ന് ഷിജുവിനെ ഫോണിൽ വിളിച്ചെങ്കിലും ഫോണ് സ്വിച്ച് ഓഫ് ചെയ്തിരിക്കയായിരുന്നു. പോലീസ് ഇയാളുടെ നാട്ടിലെത്തി ഭാര്യയെ കണ്ടെത്തി അവരുടെ ഫോണ് കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഷിജു തൃശൂരിൽ ഉള്ളതായി കണ്ടെത്തുകയും ലോഡ്ജുകളിൽ നടത്തിയ പരിശോധനയിൽ പോലീസ് പിടിയിലാകുകയും ചെയ്തത്.
അഡീഷണൽ എസ്ഐ വർഗീസ്, എഎസ്ഐ ഷാജു എടത്താടൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ പി.എം.മൂസ, ഷിജൊ തോമസ്, സീനിയർ സിപിഒ എം.ബി.ബിജു, സിപിഒമാരായ എ.യു.റെജി, ടി.സി.ജിബി, പി.എ.സലേഷ്, ഹോംഗാർഡ് ജയൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.