പന്തളം: വയോധികരെ കബളിപ്പിച്ച് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഹരിപ്പാട് പള്ളിപ്പാട് ആർഡിഒ ചിറയിൽ ശ്യാംകുമാറാണ്(സൂരജ്-39) അറസ്റ്റിലായത്. സമാനമായ രീതിയിൽ 150ഓളം മോഷണങ്ങൾ നടത്തിയിട്ടുള്ള ഇയാൾ ആദ്യമാണ് പോലീസ് പിടിയിലാവുന്നതെന്ന് അടൂർ ഡിവൈഎസ്പി ആർ.ജോസ് അറിയിച്ചു. അടൂർ കോടതിയിൽ ഹാജരാക്കിയ ശ്യാമിനെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ 28ന് പന്തളം കവലയിൽ പൂഴിക്കാട് തവളംകുളം കോളപ്പാട്ട് വീട്ടിൽ രാജമ്മയെ(76) കബളിപ്പിച്ച് ഒരു പവന്റെ വള വാങ്ങിയ ശേഷം ഇയാൾ മുങ്ങിയിരുന്നു. സൗഹൃദം നടിച്ച് പരിചയപ്പെട്ട ശേഷം സഹോദരിയുടെ വിവാഹമാണെന്നും വള വാങ്ങാൻ അളവ് നോക്കാനെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു ആഭരണം വാങ്ങിയത്.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. ചോദ്യം ചെയ്യലിൽ ഇയാൾ നടത്തിയ മോഷണങ്ങളുടെ പട്ടിക തന്നെയാണ് പോലീസിന് ലഭിച്ചത്. ഏറ്റുമാനൂർ, റാന്നി, പത്തനംതിട്ട, ചെങ്ങന്നൂർ, തിരുവല്ല, പാലാ, കോട്ടയം, കൊട്ടാരക്കര, കൊല്ലം, കരുനാഗപ്പള്ളി, പത്തനാപുരം, കോഴഞ്ചേരി, അടൂർ, ഓച്ചിറ, ഇലന്തൂർ എന്നിവിടങ്ങളിൽ ഇയാൾ ഇതേ രീതിയിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
2017 ജൂണിൽ പാലാ സ്വദേശിനി അന്നമ്മ ജോസഫിന്റെ അഞ്ച് പവൻ മാല, ഒക്ടോബറിൽ ഓച്ചിറ സ്വദേശിനിയുടെ അഞ്ചര പവൻ മാല, മാർച്ചിൽ ചെന്നീർക്കരയിൽ ജനാർദനൻനായരുടെ ഒരു പവന്റെ മോതിരം, കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മയുടെ രണ്ട് പവൻ മാല എന്നിവയും ഇയാൾ നടത്തിയ മോഷണങ്ങളിൽ പെടും.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി.നാരായണന്റെ നിർദേശ പ്രകാരം അടൂർ ഡിവൈഎസ്പി ആർ.ജോസിന്റെ മേൽനോട്ടത്തിൽ സിഐ ഇ.ഡി.ബിജു, എസ്ഐമാരായ പി.ശ്രീജിത്ത്, ബി.അജീഷ്കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സാംമാത്യു, അനീഷ്കുമാർ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.