പന്തളം: 3.25 ലക്ഷം രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസില്‍ പോസ്റ്റല്‍ അസിസ്റ്റന്റിനെ പോലീസ് അറസ്റ്റ് ചെയ്തു. തുമ്പമണ്‍ താഴം തുണ്ടിയില്‍ വീട്ടില്‍ സിന്ധു ആര്. നായരെ(44)യാണ് പന്തളം സിഐ എസ് ശ്രീകുമാര്‍ അറസ്റ്റ് ചെയ്തത്.
2016 മുതല്‍ 2018 വരെ കുളനട പോസ്റ്റ് ഓഫീസില്‍ പോസ്റ്റല്‍ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന സമയത്ത് മൂന്ന് നിക്ഷേപകരില്‍ നിന്നായി 3.25 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് അറസ്റ്റ്. ഇതു സംബന്ധിച്ച് പത്തനംതിട്ട അഡിഷണല്‍ പോസ്റ്റല്‍ സൂപ്രണ്ട് പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
രണ്ടു നിക്ഷേപകരില്‍ നിന്ന് 15,000, 9000 രൂപ വീതം വ്യാജ ഒപ്പിട്ട് പിന്‍വലിച്ചുവെന്നായിരുന്നു ഒരു പരാതി. മൂന്നു ലക്ഷം രൂപ സ്ഥിരം നിക്ഷേപം ഇടുന്ന പ്രത്യേക സ്കീമിലേക്ക് 2017 ല്‍ ഒരാളില്‍ നിന്ന് പണം വാങ്ങിയെങ്കിലും പോസ്റ്റ് ഓഫീസില്‍ അടച്ചില്ല. പാസ്ബുക്കും സീലും അടിച്ചു മാറ്റി അതില്‍ പണം വരവ് ചെയ്ത് നിക്ഷേപകന് തിരിച്ചു നല്‍കുകയും ചെയ്തതായി പറയുന്നു.
പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് 2018 മുതല്‍ ഇവര്‍ സസ്പെന്‍ഷനിലായിരുന്നു. വകുപ്പ് തല അന്വേഷണത്തില്‍ കുറ്റക്കാരിയെന്നു കണ്ടതിനെ തുടര്‍ന്നാണ് തപാല്‍ വകുപ്പ് പോലീസില്‍ പരാതി നല്‍കിയത്. ജില്ലാ പോലീസ് മേധാവി കെ. ജി. സൈമണിന്റെ നിര്‍ദേശ പ്രകാരം അടൂര്‍ ഡിവൈഎസ്പി ആര്. ബിനു അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചു.
എസ്ഐ ആര്. ശ്രീകുമാര്‍, എഎസ്ഐ സന്തോഷ്കുമാര്‍, സിപിഒമാരായ മഞ്ജു, വിജയകാന്ത് അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി. നേരത്തെ ആരോപണങ്ങളേ തുടര്‍ന്ന് ഇതേ പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന ദേശീയ സമ്പാദ്യപദ്ധതി ഏജന്റ്് ജീവനൊടുക്കിയിരുന്നു.