വൈക്കം: ചെറിയ മോതിരം വച്ച് വലിയ മോതിരം തട്ടിയെടുക്കുന്ന സ്ഥിരം കള്ളൻ പിടിയിലായത് സ്വർണക്കടക്കാരന്റെ ജാഗ്രത. ആദ്യത്തെ മോഷണം വിജയിച്ച കള്ളൻ രണ്ടാമത്തെ പരീക്ഷണത്തെ തുടർന്ന് അകത്താവുകയും ചെയ്തു. സ്വർണക്കടകളിൽ മോഷണം നടത്തി വന്നയാളെ ഇന്നലെ തലയോലപറന്പ് പോലീസ് അറസ്റ്റു ചെയ്തു. ചങ്ങനാശേരി പായിപ്പാട് തെക്കേനടയിൽ ശ്രീകാന്തി (42) നെയാണ് വൈക്കം പഴേമഠം ജുവലറിയിൽ മോഷണം നടത്തുന്നതിനിടയിൽ പോലീസ് അറസ്റ്റ് ചെയ്തത്.
തലയോലപ്പറന്പ് ടൗണിൽ പ്രവർത്തിക്കുന്ന കണ്ടത്തിൽ ജൂവലറിയിൽ നിന്നും സ്വർണം വാങ്ങനേയെന്ന വ്യാജേന എത്തി സ്വർണ മോതിരം വയ്ക്കുന്ന പാഡിൽ രണ്ടു ഗ്രാം തൂക്കം വരുന്ന സ്വർണത്തിന്റെ മോതിരം വച്ചശേഷം സമാന ഫാഷനിലുള്ള എട്ടുഗ്രാം തൂക്കം വരുന്ന 28,000രൂപാ വിലമതിക്കുന്ന മോതിരം ജീവനക്കാർ അറിയാതെ ഇയാൾ കഴിഞ്ഞ രണ്ടിനു ഉച്ചയ്ക്ക് ഒന്നിനു മോഷ്ടിച്ചിരുന്നു.
ഇന്നലെ സമാനരീതിയിൽ വൈക്കം പഴേമഠം ജൂവലറിയിൽ മോഷണത്തിന് ശ്രമിക്കുന്നതിനിടയിൽ ജ്വല്ലറി ജീവനക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മോഷ്ടാവിനെ പിടികൂടുകയായിരുന്നു. തലയോലപറന്പിലെ മോഷണ വിവരം സ്വർണക്കടക്കാർ മറ്റു കടക്കാരെ അറിയിച്ചിരുന്നതിനാൽ കടയിലെ ജീവനക്കാർ ജാഗ്രത പാലിച്ചതാണ് കള്ളനെ പിടികൂടാൻ കഴിഞ്ഞത്.
തലയോലപ്പറന്പ് എസ്ഐ ടി.കെ. സുധീർ, എഎസ്ഐമാരായ ജയകുമാർ, മാത്യു, എസ്സിപിഒ സുധീർ, സിപിഒ സുധീഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിയുടെ പേരിൽ ചങ്ങനാശേരി, മാവേലിക്കര, കായംകുളം, കൊട്ടാരക്കര, എന്നിവിടങ്ങളിൽ മോഷണ കേസുകൾ നിലവിലുണ്ട്.