കൊച്ചി: നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയെ ചേരാനല്ലൂർ പോലീസ് പിടികൂടി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയെത്തിയ ആലപ്പുഴ കുന്പനാട് സ്വദേശി സ്റ്റാൻലി സൈമണിനെയാണ് പോലീസ് പിടികൂടിയത്. ആലപ്പുഴ വെണ്മണി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
മലേഷ്യയിൽ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഇയാളെ രണ്ടാംപ്രതിയാക്കി വെണ്മണി പോലീസ് മൂന്നുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ രണ്ടാംപ്രതിയായ ഇയാൾ പിന്നീട് ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഇതിനിടെ പ്രതി പലതവണ കൊച്ചിയിലെത്തിയതായി പോലീസിനു വിവിരം ലഭിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കിഡ്നി രോഗബാധിതനായ ഇയാൾ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തുന്നതായി കണ്ടെത്തി.
ചേരാനല്ലൂർ പോലീസ് പലതവണ ആശുപത്രിയിലെത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. അതിവിദഗ്ധമായാണ് ഇയാൾ ആശുപത്രിയിലെത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ഭാര്യയോടൊപ്പം എത്തുന്ന സ്റ്റാൻലി ആശുപത്രിയിൽ സ്ഥപിച്ചിട്ടുള്ള കാമറകൾക്കു മുന്നിൽ എത്തിയിരുന്നില്ല. ഏതെങ്കിലും സാഹചര്യത്തിൽ എത്തിയാൽതന്നെ മുഖംമറച്ച് കടന്നുപോകുകയായിരുന്നു പതിവ്.
ആശുപത്രിയിൽ മുറിയിൽപോലും ഇയാൾ അധികസമയം ചെലവഴിച്ചിരുന്നില്ല. ഭാര്യയെ മുറിക്കുള്ളിലാക്കി പുറത്തെവിടെയെങ്കിലും തങ്ങുകയായിരുന്നു രീതി. ഇയാൾ ഇന്നലെ ആശുപത്രിയിലെത്തിയതായി കണ്ടെത്തിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്. വൈകിട്ടോടെ ഇയാളെ ആലപ്പുഴ വെണ്മണി പോലീസിനു കൈമാറി. കൊച്ചിയിലെ വിവിധ സ്റ്റേഷനുകളിൽ ഉൾപ്പെടെ ഇയാൾക്കെതിരെ വിവിധ തട്ടിപ്പ് കേസുകളുള്ളതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.