വടക്കാഞ്ചേരി: പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവാണെന്നു തെറ്റിദ്ധരിപ്പിച്ച് പലരിൽനിന്നായി കോടികൾ തട്ടിയെടുത്ത സംഭവത്തിൽ യുവാവിനെ പോലീസ് കസ്റ്റഡിയി ലെടുത്തു. കൊണ്ടാഴി പാറമേൽപടിയിൽ വാടകയ്ക്കു താമസിക്കുന്ന കൊട്ടാരക്കര സ്വദേശി ബാലകൃഷ്ണ സുധീറി(45)നെയാണ് വടക്കാഞ്ചേരി സിഐ പി.എസ്. സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതി വളപ്പിൽ നിന്നും പിടികൂടിയത്.
ഷൊർണൂർ ചുടുവാലത്തൂർ സ്വദേശി ഷീലയിൽനിന്ന് 90,000 രൂപ, മുള്ളൂർക്കര വാഴക്കോട് പുത്തൻവീട്ടിൽ അബൂബക്കറിൽനിന്ന് ഏഴരലക്ഷം, കോഴിക്കോട് മുക്കം സ്വദേശിനി രാഗിണിയിൽനിന്ന് 12 ലക്ഷം രൂപ എന്നിങ്ങനെ തട്ടിയെടുത്ത കേസിൽ ഇയാൾ പ്രതിയാണ്. 32 ഓളം കേസുകൾ ഇയാൾക്കെതിരേ ഉള്ളതായും, വടക്കാഞ്ചേരി പോലിസിൽ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തതായും പോലിസ് അറിയിച്ചു.
ചേലക്കര നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ജീവനക്കാരനാണെന്നു തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്നതായി പരാതി ഉണ്ടായിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞ് മറ്റൊരു കേസിൽ ഹാജരാകാൻ കോടതിയിൽ എത്തിയപ്പോൾ നാട്ടുകാർ ഇയാളെ തടഞ്ഞുവയ്ക്കുകയും പോലീസിൽ ഏല്പിക്കുകയുമായിരുന്നു. പ്രതിയെ ഷൊർണൂർ പോലീസിനു കൈമാറിയതായി വടക്കാഞ്ചേരി പോലീസ് അറിയിച്ചു.