തലശേരി: ആദായ നികുതി വകുപ്പുദ്യോഗസ്ഥർ ചമഞ്ഞ് മത്സ്യമൊത്തവ്യാപാരിയുടെ വീട്ടിൽ നിന്നും പണം കവർന്ന സംഘത്തിലെ മുഖ്യപ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. തലശേരി സെയ്ദാർ പള്ളിയിലെ പി.പി.എം മജീദിന്റെ വീട്ടിൽ ആദായനികുതിവകുപ്പുദ്യോഗസ്ഥരെന്ന വ്യാജേന എത്തി പണം കൊള്ളയടിച്ച സംഘത്തിലെ പ്രധാന പ്രതികളായ നെല്ലായ് മുരുകൻ എന്ന ശങ്കർ നാരായണൻ (64), അറുമുഖ പാണ്ടി (45) എന്നിവരുടെ അറസ്റ്റാണ് സിഐ എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രേഖപ്പെടുത്തിയത്.
സമാനതട്ടിപ്പു കേസിൽ തമിഴ്നാട്ടിലെ മധുരയിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതികളെ പോലീസ് സംഘം അവിടെയെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇതോടെ തലശേരിയിലെ തട്ടിപ്പു കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി റിമാൻഡിലാണ്.മധുര ജയിലിൽ നിന്നും തലശേരിയിൽ എത്തിച്ച ശങ്കർ നാരാരായണനെയും അറുമുഖ പാണ്ടിയേയും മജീദിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
രണ്ട് പ്രതികളേയും മജീദും കുംടുംബാംഗങ്ങളും തിരിച്ചറിഞ്ഞു. തെളിവെടുപ്പുകൾക്ക് ശേഷം തലശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ മധുര ജയിലിലേക്കയച്ചു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട് പ്രകാരം അഡീഷണല്‍ എസ്ഐ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മധുര ജയിലില്‍ നിന്നും ഇരുവരേയും കസ്റ്റഡിയില്‍ വാങ്ങി തലശേരിയിൽ എത്തിച്ചത്.
മുഴുവൻ പ്രതികളും വലയിലായതിനാൽ നവമ്പറിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് സിഐ എം.പി ആസാദ് പറഞ്ഞു. ഈ കേസില്‍ നേരത്തെ അറസ്റ്റിലായ മലപ്പുറം വള്ളുവമ്പ്രത്തെ ലത്തീഫ് (42), തൃശൂര്‍ കനകമലയിലെ ദീപു (32), കൊടകരയിലെ സഹോദരങ്ങളായ ആല്ബിന് എന്ന അബി (35), ഷിജു (33), ധര്‍മടം ചിറക്കുനിയിലെ നൗഫല്‍ (36), ബിനു (36), രജീഷ് എന്ന ചന്തു (32), എന്നിവര്‍ ഇപ്പോള്‍ റിമാൻഡിലാണ്. കൂടുതൽ അന്വേഷമത്തിനായി ഈ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി.